കേന്ദ്രമന്ത്രി അനന്ത്കുമാർ അന്തരിച്ചു

Posted on: November 12, 2018

ബംഗലുരു : കേന്ദ്ര പാർലമെന്ററികാര്യമന്ത്രി എച്ച്. എൻ. അനന്ത്കുമാർ (59) അന്തരിച്ചു. പുലർച്ചെ 1.40 ടെ ബംഗലുരുവിലെ ശങ്കർ കാൻസർ റിസേർച്ച് സെന്ററിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ന്യൂയോർക്കിലെയും ലണ്ടനിലെയും ചികിത്സയ്ക്ക് ശേഷം ഒക്‌ടോബർ 20 ന് ആണ് അദേഹം ബംഗലുരുവിൽ തിരിച്ചെത്തിയത്.

സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നാളെ വൈകുന്നേരം ചാമരാജ്‌പെട്ട് ശ്മശാനത്തിൽ നടക്കും. അനന്ത്കുമാറിനോടുള്ള ആദരസൂചകമായി കർണാടകത്തിൽ ഇന്ന് പൊതു അവധിയും മൂന്ന് ദിവസത്തെ ദു:ഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ ലാൽബാഗ് റോഡിലെ വസതിയിലുള്ള മൃതദേഹം നാഷണൽ കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെയ്ക്കും. ഭാര്യ ഡോ. തേജസ്വിനി. മക്കൾ : ഐശ്വര്യ, വിജേത.

അനന്ത്കുമാറിന്റെ വേർപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. അനന്ത്കുമാറിന് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബംഗലുരുവിൽ എത്തും.

1996 മുതൽ ആറ് തവണ ബംഗലുരു സൗത്ത് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയായിരുന്നു. എബിവിപിയിലൂടെ സംഘപരിവാർ രാഷ്ട്രീയത്തിൽ എത്തിയ അനന്ത്കുമാർ വാജ്‌പേയി മന്ത്രിസഭയിൽ വ്യോമയാനമന്ത്രിയായിരുന്നു. പിന്നീട് ടൂറിസം, യുവജനക്ഷേമം, നഗരവികസനം, രാസവളം തുടങ്ങിയ വകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്. കർണാടക ബിജെപി അധ്യക്ഷനായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.