നോകിയ പ്ലാന്റ് പൂട്ടൽ പരിശോധിക്കുമെന്ന് നിർമല സീതാരാമൻ

Posted on: October 8, 2014

NOKIA-Chennai-new-big

നോകിയ മൊബൈൽ ഹാൻഡ്‌സെറ്റ് പ്ലാന്റിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യ പരിശോധിക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി നിർമല സീതാരാമൻ. മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണ നടത്തുന്നതിനിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.

ചെന്നൈയിലെ നോകിയയിൽ നിന്നും മൊബൈലുകൾ വാങ്ങാനുള്ള കരാർ മൈക്രോസോഫ്റ്റ് റദാക്കിയ സാഹചര്യത്തിലാണ് ആയിരത്തോളം ജീവനക്കാരെ ഒഴിവാക്കി പ്ലാന്റു പൂട്ടാനുള്ള നോകിയയുടെ തീരുമാനം. ചെന്നൈ പ്ലാന്റിലെ 60 ശതമാനം ജീവനക്കാരും സ്ത്രീകളാണ്. ചെന്നൈ പ്ലാന്റ് പതിനായിരത്തോളം പേർക്ക് പരോക്ഷമായും തൊഴിലവസരം നൽകിയിരുന്നതായി നോകിയ ഇന്ത്യ എംപ്ലോയീസ് യൂണിയൻ ചൂണ്ടിക്കാട്ടി.

മൈക്രോസോഫ്റ്റുമായുള്ള ലയനത്തിനിടെ 5,700 പേർ വിആർഎസ് (സ്വയം വിരമിക്കൽ പദ്ധതി) സ്വീകരിച്ചുവെന്നാണ് നോകിയയുടെ അവകാശവാദം. അതേസമയം നിലവിലുള്ള ജീവനക്കാർ കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ്.

ഇന്ത്യാ ഗവൺമെന്റുമായുള്ള നികുതി തർക്കമാണ് മൈക്രോസോഫ്റ്റുമായുള്ള ഹാൻഡ്‌സെറ്റ് ബൈബാക്ക് കരാർ റദ്ദാക്കപ്പെടാൻ കാരണമായി നോകിയ പറയുന്നത്. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, മിഡിൽഈസ്റ്റ് എന്നിവിടങ്ങളിലേക്കും കയറ്റുമതി ലക്ഷ്യമിട്ടായിരുന്നു ചെന്നൈ ഫാക്ടറിയിലെ ഉത്പാദനം. ഇവിടെ ഉത്പാദിപ്പിക്കുന്ന മൊബൈൽ, ആഭ്യന്തര വിപണിയിൽ വിറ്റഴിച്ചുവെന്ന് ആരോപിച്ച്, തമിഴ്‌നാട് ഗവൺമെന്റ് 2,400 കോടി രൂപ നികുതി ആവശ്യപ്പെട്ട് നോട്ടീസ് നൽകി.

അതിനു പുറമെ മൈക്രോസോഫ്റ്റിന് പ്ലാന്റ് കൈമാറാൻ, ഗ്യാരണ്ടിയായി 3,500 കോടി രൂപ കെട്ടിവയ്ക്കണമെന്നു സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തു. ഇപ്പോഴത്തെ നിലയിൽ നവംബർ ഒന്നു മുതൽ ശ്രീപെരുമ്പത്തൂർ ഫാക്ടറിയിലെ ഉത്പാദനം പൂർണമായി നിർത്താനാണ് നോകിയയുടെ തീരുമാനം.