ലുലു ഗ്രൂപ്പ് ഈജിപ്തില്‍ 50 കോടി ഡോളര്‍ നിക്ഷേപിക്കും

Posted on: October 16, 2018

അബുദാബി : ലുലു ഗ്രൂപ്പ് ഈജിപ്തില്‍ 50 കോടി യു.എസ് ഡോളറിന്റെ നിക്ഷേപം നടത്തും. ലുലുവിന്റെ ഈജിപ്തിലെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട്
വര്‍ഷത്തിനുള്ളിലാണ് നിഷേപം നടത്തുക.

ഈജിപ്തിലെ സിക്‌സ് ഒക്‌ടോബര്‍ സിറ്റി, ന്യൂ കെയ്‌റോ, ഒബ്യോര്‍ എന്നിവിടങ്ങളില്‍ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ലുലു രഗൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഈജിപ്ത് പ്രധാനമന്ത്രി മുസ്തഫ മദ്‌ബോലിയുമായി നടന്ന കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. ശീതീകരിച്ച മത്സ്യവിപണനവുമായും കയറ്റുമതിയായും ബന്ധപ്പെട്ട രണ്ട് ലോജിസ്റ്റിക് കേന്ദ്രങ്ങളും നിര്‍മിക്കും.

ഈജിപ്തില്‍ നിക്ഷേപം നടത്താനുള്ള ലുലു ഗ്രൂപ്പിന്റെ പദ്ധതിയെ പ്രധാനമന്ത്രി മുസ്തഫ സ്വാഗതം ചെയ്തു. ഏറ്റവുമധികം മത്സ്യഫാമുകളുള്ള ഈസ്റ്റ് പോര്‍ട്ട് സൈദില്‍ ലോജിസ്റ്റിക് കേന്ദ്രവും സംസ്‌കരണകേന്ദ്രവും ഒരുക്കാനുള്ള താത്പര്യവും പ്രധാനമന്ത്രി യൂസഫലിയുമായി പങ്കു വച്ചു. ആഭ്യന്തര വ്യവസായ വിതരണ മന്ത്രി ഡോ.അലി മിഷേലി, ലുലു ഡയറക്ടര്‍ ജുസര്‍ രൂപവാല, ലുലു ഈജിപ്ത് റീജിയണല്‍ ഡയറക്ടര്‍, ഹാസിഫ ഖുറേഷി എന്നിവര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.