കേരള ട്രാവൽ മാർട്ട് 27 മുതൽ കൊച്ചിയിൽ

Posted on: September 7, 2018

കൊച്ചി : കേരള ട്രാവൽമാർട്ട് പത്താം പതിപ്പിന് ലോക ടൂറിസം ദിനമായ സെപ്തംബർ 27 ന് കൊച്ചിയിൽ തുടക്കമാകും. പ്രളയബാധയെത്തുടർന്ന് സംസ്ഥാനത്തുണ്ടായിരിക്കുന്ന മാന്ദ്യത്തിൽ തിരിച്ചു വരവ് കേരള ട്രാവൽ മാർട്ടിലൂടെയായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

കൊച്ചി ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്തിലാണ് കെടിഎമ്മിന്റെ ഉദ്ഘാടനച്ചടങ്ങ്. ഉദ്ഘാടന സമ്മേളനത്തിനു ശേഷം 28 മുതൽ 30 വരെ മൂന്ന്  ദിവസങ്ങളിലായി വെല്ലിംഗ്ടൺ ഐലൻഡിലെ സാമുദ്രിക ആൻഡ് സാഗര കൺവെൻഷൻ സെന്ററിൽ ബയർ-സെല്ലർ കൂടിക്കാഴ്ചകൾ, സെമിനാറുകൾ, നയരൂപീകരണ ചർച്ചകൾ തുടങ്ങിയവ നടക്കും. അവസാനദിവസം പൊതുജനങ്ങളെ സൗജന്യമായി പ്രവേശിപ്പിക്കും.

കേരള ട്രാവൽ മാർട്ടിലേക്കുള്ള രജിസ്‌ട്രേഷനുകൾ മുഴുവൻ പൂർത്തിയായിക്കഴിഞ്ഞതായി കെടിഎം പ്രസിഡന്റ് ബേബി മാത്യു അറിയിച്ചു. 393 വിദേശ ബയർമാരും 1095 ആഭ്യന്തര ബയർമാരും കെടിഎമ്മിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ബയർ-സെല്ലർ കൂടിക്കാഴ്ചയുടെ പട്ടിക സെപ്തംബർ പത്തിന് പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ഏതു പ്രതിസന്ധിയേയും അതിജീവിക്കുന്നവരാണ് കേരളീയർ എന്ന സന്ദേശം ലോകത്തിനെ അറിയിക്കാനുള്ള അവസരമാണ് കെടിഎമ്മെന്ന് കേന്ദ്രടൂറിസം മന്ത്രാലയത്തിന്റെ ഉപദേശക സമ്മിതി വിദഗ്ധാംഗവും കെടിഎമ്മിന്റെ മുൻ പ്രസിഡന്റുമായിരുന്ന ഏബ്രഹാം ജോർജ് പറഞ്ഞു.

കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറി ജോസ് പ്രദീപ്, ട്രഷറർ ഗോപിനാഥ് റാവു, ജോയിന്റ് സെക്രട്ടറി ഹരി കെ സി, മാനേജിംഗ് കമ്മിറ്റി അംഗം മല്ലിക ദിനേശ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.