പ്രളയം : ആലപ്പുഴയിലും കുമരകത്തും ടൂറിസം സീസണിൽ കോടികളുടെ നഷ്ടം

Posted on: August 25, 2018

ആലപ്പുഴ : കുട്ടനാട്ടിലെ പ്രളയം ആലപ്പുഴയിലും കുമരകത്തെയും ടൂറിസം മേഖലയിൽ കോടികളുടെ നഷ്ടത്തിനിടയാക്കി. കുമരകം വെള്ളത്തിൽ മുങ്ങിയതോടെ മിക്ക ഹോട്ടലുകളും റിസോർട്ടുകളും അടച്ചിടേണ്ടി വന്നു. ഫർണീച്ചറുകളും അടുക്കള സാമഗ്രികളും ഉൾപ്പെടയുള്ളവ വെള്ളപ്പൊക്കത്തിൽ നശിച്ചു. ലക്ഷങ്ങൾ ചെലവഴിച്ച് പുനർനിർമാണം നടത്തേണ്ട സ്ഥിതിയിലാണ് ഹോട്ടലുകളും റിസോർട്ടുകളും.

നെഹ്‌റു ട്രോഫി ഉൾപ്പടെയുള്ള വള്ളംകളികൾ കാണാൻ ധാരാളം ടൂറിസ്റ്റുകൾ ആലപ്പുഴയിലും കുമരകത്തും എത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. ഇങ്ങോട്ടേക്കുള്ള റോഡുകൾ തകർന്നതാണ് മറ്റൊരു വെല്ലുവിളി. പലയിടത്തും കഴിഞ്ഞ ദിവസമാണ് വെള്ളം ഇറങ്ങിത്തുടങ്ങിയത്.

ഉത്തരേന്ത്യൻ സഞ്ചാരികളിൽ പലരും ബുക്കിംഗ് കാൻസൽ ചെയ്യുന്നതും ഈ സീസൺ നഷ്ടമാകുന്നതിന്റെ സൂചനയാണ്. ടൂറിസവുമായി ബന്ധപ്പെട്ട അനുബന്ധ വ്യവസായങ്ങളും പാടേ തകർന്നു. ഹൗസ് ബോട്ടുകളിൽ താമസത്തിനും സഞ്ചാരത്തിനും വിദേശകൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ തയാറാകുന്നില്ല. സഞ്ചാരികൾ എത്താത്തതിനാൽ പ്രതിദിനം ഒരു കോടിക്ക് മേൽ നഷ്ടമാണ് ഈ മേഖലയിലുണ്ടാകുന്നത്.