ദുരിതാശ്വാസ ക്യാമ്പുകളിൽ ഏഴ് ലക്ഷത്തോളം പേർ

Posted on: August 19, 2018

തിരുവനന്തപുരം : സംസ്ഥാനത്തെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത് ഏഴ് ലക്ഷത്തോളം പേർ. ചെങ്ങന്നൂരിലും ആലുവയിലും വെള്ളം ഇറങ്ങി തുടങ്ങി. ഇനിയും ഒറ്റപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ചെറുവള്ളങ്ങളാണ് ആവശ്യമുള്ളതെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ചെങ്ങന്നൂർ, തിരുവല്ല, പറവൂർ മേഖലകളിൽ നിരവധി ആളുകൾ ഇനിയും കുടുങ്ങിക്കിടപ്പുണ്ട്. ഇപ്പോഴും പലരും വീട് വിട്ടുവരാൻ തയാറാകുന്നില്ല.

പത്തനംതിട്ടയിൽ മഴമാറി നിൽക്കുകയാണ്. പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ഇന്നലെ വൈകുന്നേരം ആറു മണിക്കാണ് രക്ഷാപ്രവർത്തനത്തിന് പുറപ്പെട്ടത്. പെരിയാറിലും ജലനിരപ്പ് കുറഞ്ഞു. എന്നാൽ ഇടുക്കിയിൽ ജലനിരപ്പ് നേരിയതോതിൽ ഉയരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,402.28 അടിയായി. പമ്പ, കക്കി അണക്കെട്ടുകളിൽ നിന്ന് തുറന്നുവിടുന്ന ജലത്തിന്റെ തോത് കുറച്ചു.

തിരുവനന്തപുരം – കോട്ടയം റൂട്ടിൽ ട്രെയിൻ ഗതാഗതം ഭാഗികമായി പുന: സ്ഥാപിച്ചു. ദീർഘദൂര തീവണ്ടികൾ പലതും റദ്ദാക്കി. എറണാകുളം – ഷൊർണ്ണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതം ഇന്നും തടസപ്പെട്ടിരിക്കുകയാണ്. തിരുവനന്തപുരം – എറണാകുളം റൂട്ടിൽ പാസഞ്ചർ തീവണ്ടികൾ സർവീസ് നടത്തുന്നുണ്ട്.

എംസി റോഡിൽ തിരുവനന്തപുരം മുതൽ അടൂർ വരെ കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

TAGS: Kerala Floods |