പവൻ ഹാൻസിൽ നിന്നും ഒഎൻജിസി പിൻമാറുന്നു

Posted on: July 18, 2018

മുംബൈ : പൊതുമേഖല ഹെലികോപ്ടർ സർവീസ് കമ്പനിയായ പവൻ ഹാൻസിൽ നിന്നും പിൻമാറാൻ ഒഎൻജിസി ഒരുങ്ങുന്നു. ഒഎൻജിസിക്ക് പവൻ ഹാൻസിലുള്ള 49 ശതമാനം ഓഹരികൾ വിൽക്കാൻ ഡയറക്ടർ ബോർഡ് തത്വത്തിൽ അനുമതി നൽകി. കേന്ദ്രസർക്കാരിന്റെ കൈവശമാണ് ശേഷിക്കുന്ന 51 ശതമാനം ഓഹരികൾ. കേന്ദ്രവും പവൻ ഹാൻസ് ഓഹരികൾ വിൽക്കാനുള്ള ഒരുക്കത്തിലാണ്. ഒഎൻജിസിയും ഓഹരിവിൽക്കാൻ തയാറാകുന്നതോടെ പവൻ ഹാൻസിനെ പൂർണമായും സ്വകാര്യവത്കരിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.

ഗ്ലോബൽ വെക്ട്ര ഹെലികോർപ്, യുഎസ് കമ്പനിയായ കോണ്ടിനെന്റൽ ഹെലികോപ്‌ടേഴ്‌സ് എന്നിവ പവൻഹാൻസിൽ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 46 ഹെലികോപ്ടറുകളാണ് പവൻ ഹാൻസ് ഫ്‌ളീറ്റിലുള്ളത്. ഇവയിൽ 22 ഉം വാടകയ്ക്ക് എടുത്തവയാണ്. ഹെലികോപ്ടറുകളിലേറെയും ഒഎൻജിസിയുടെ ഓഫ്‌ഷോർ ഓപ്പറേഷൻസിന് ഉപയോഗിക്കുന്നു.