ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ 32,000 കോടി നഷ്ടപരിഹാരം നല്‍കാന്‍ വിധി

Posted on: July 14, 2018

 

 

സെന്റ് ലൂയിസ് (യുഎസ്) : ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ മൂലം അണ്ഡാശയ അര്‍ബുദം ബാധിച്ചതായി പരാതിപ്പെട്ട് 22 സ്ത്രീകള്‍ നല്‍കിയ കേസില്‍ 470 കോടി ഡോളര്‍ (ഏകദേശം 32,000 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യുഎസ് സംസ്ഥാനമായ മിസോറിയില്‍ കോടതി വിധി. പൗഡറില്‍ അര്‍ബുദത്തിനിടയാക്കുന്ന ആസ്‌ബെസ്‌റ്റോസ് അടങ്ങിയിട്ടുണ്ടെന്ന പരാതിയുമായി രോഗബാധിതരായ 9000ല്‍ പരം സ്ത്രീകളാണു കോടതിയെ സമീപിച്ചത്. ഇതിലെ ആദ്യ വിധിയാണിത്, ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയുടേതും. പരാതിക്കാരായ 22 സ്ത്രീകളില്‍ ആറുപേര്‍ അര്‍ബുദം ബാധിച്ചു മരിച്ചതിനാല്‍ നഷ്ടപരിഹാരം അവരുടെ കുടുംബങ്ങള്‍ക്ക് ലഭിക്കും.

വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്പനിയുടെ പൗഡറില്‍ ആസ്‌ബെസ്‌റ്റോസ് ഇല്ലെന്നും ജോണ്‍സണ്‍ വക്താവ് കരോള്‍ ഗുഡ്‌റിച്ച് അറിയിച്ചു. കമ്പനിക്കെതിരായ കേസുകളില്‍ മുന്‍പുണ്ടായ വിധികളെല്ലാം പിന്നീട് തിരുത്തപ്പെട്ടിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു.

ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം 40 വര്‍ഷമായി കമ്പനി മറച്ചു പിടിക്കുകയായിരുന്നുവെന്നു പരാതിക്കാരുടെ അഭിഭാഷകനായ മാര്‍ക്ക് ലാനിയര്‍ ചൂണ്ടിക്കാട്ടി. പൗഡറിന്റെ അസംസ്‌കൃത വസ്തുവില്‍ ആസ്‌ബെസ്‌റ്റോസ് ഉണ്ടെന്നും അത് അര്‍ബുദത്തിനിടയാക്കുന്നുവെന്നും തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആസ്‌ബെസ്‌റ്റോസിന്റെ അംശം അണ്ഡാശയത്തില്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. 1970കള്‍ക്കു ശേഷമാണ് ആസ്‌ബെസ്‌റ്റോസ് നീക്കിയ അസംസ്‌കൃത വസ്തു പൗഡര്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചു തുടങ്ങിയത്. എന്നാല്‍ ഇതും അര്‍ബുദത്തിനിടയാക്കുന്നതായി ചില പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ടെന്നു ഹര്‍ജിക്കാര്‍ വാദിച്ചു.