ഇന്ത്യ ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തി

Posted on: July 12, 2018

ന്യൂഡല്‍ഹി : ഇന്ത്യ ഇനി ലോകത്തിലെ ആറാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറി. ഫ്രാന്‍സിനെ മറി കടന്നാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. ലോക രാജ്യങ്ങളുടെ 2017 ലെ മൊത്തം ആഭ്യന്തര ഉല്‍പാദനം കണക്കിലെടുത്ത് ലോകബാങ്ക് തയാറാക്കിയ പട്ടികയിലാണ് ഇന്ത്യ ആറാം സ്ഥാനത്ത് എത്തിയത്. യു.എസ്, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങളില്‍. ജര്‍മനി നാലാം സ്ഥാനത്തും ഇംഗ്ലണ്ട് അഞ്ചാം സ്ഥാനത്തുമാണ്.

ഇന്ത്യ 2,597,491 ദശലക്ഷം ഡോളര്‍ വളര്‍ച്ച കൈവരിച്ചതാണ് ആറാം സ്ഥാനത്ത് എത്താന്‍ സഹായകമായത്. മറ്റു രാജ്യങ്ങളുടെ വളര്‍ച്ച ഇങ്ങനെ : യുഎസ് 19,390,604 ദശലക്ഷം ഡോളര്‍, ചൈന 12,237,700 ദശലക്ഷം, ജപ്പാന്‍ 4,872,136.95 ദശലക്ഷം, ജര്‍മനി 3,677,439.13 ദശലക്ഷം, ഇംഗ്ലണ്ട് 2,622,433.96 ദശലക്ഷം, ഫ്രാന്‍സ് 2,582,501.31 ദശലക്ഷം ഡോളര്‍.

മോദി സര്‍ക്കാര്‍ നോട്ട് പിന്‍വലിക്കല്‍ കൊണ്ടുവന്നതും ചരക്കു, സേവന നികുതി നടപ്പാക്കിയതും സമ്പദ്‌വ്യവസ്ഥയുടെ മുന്നേറ്റത്തെ ബാധിച്ചതായി വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. 2016ലും 2017ലും ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്6.7 ശതമാനമാനമായിരുന്നു. എന്നാല്‍ ലോകബാങ്ക് അടുത്ത കാലത്തു പുറപ്പെടുവിച്ച വിശകലനത്തില്‍ ഇന്ത്യ ഇവയില്‍ നിന്നു കരകയറിയതായി പറഞ്ഞിരുന്നു. ഇന്ത്യ 2018ല്‍ 7.3 ശതമാനം വളര്‍ച്ച നിരക്കു കൈവരിക്കുമെന്ന് ലോകബാങ്കും രാജ്യാന്തര നാണ്യനിധി 7.4 ശതമാനം വളര്‍ച്ചാനിരക്കു കൈവരിക്കുമെന്നും വിലയിരുത്തി.