ഇന്‍ഫോസിസ് ബംഗലുരു മെട്രോയില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നു

Posted on: July 9, 2018

 

ബംഗലുരു : ഇന്‍ഫോസിസിന്റെ സാമൂഹ്യപ്രതിബദ്ധത വിഭാഗമായ ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ബംഗലുരു മെട്രോയില്‍ 200 കോടിയുടെ മുതല്‍മുടക്കിന് ഒരുങ്ങുന്നു. ഇന്‍ഫോസിസില്‍ നിന്നുള്ള നിക്ഷേപം കൊനപ്പന അഗ്രഹാര മെട്രോ സ്‌റ്റേഷന്റെ നിര്‍മാണത്തിനും മെട്രോ ട്രാക്ക് നിര്‍മാണത്തിനും വിനിയോഗിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഇന്‍ഫോസിസിന്റെ നടപടി സാമൂഹ്യപ്രതിബദ്ധത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ മറ്റ് കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ക്കും പ്രചോദനമാകുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

നൂറ് കോടി രൂപ ചെലവില്‍ വികസിപ്പിക്കുന്ന കൊനപ്പന അഗ്രഹാര മെട്രോ സ്‌റ്റേഷന്റെ പരിപാലന ചുമതല ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 30 വര്‍ഷത്തേക്ക് ഏറ്റെടുക്കുമെന്ന് ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ സുധമൂര്‍ത്തി പറഞ്ഞു. നിക്ഷേപം സംബന്ധിച്ച ധാരണാപത്രം 19 ന് ഒപ്പുവെയ്ക്കും. ആര്‍വി റോഡ് മെട്രോ സ്‌റ്റേഷന്‍ മുതല്‍ ഇലക്‌ട്രോണിക് സിറ്റി വരെയുള്ള ബംഗലുരു മെട്രോ ശൃംഖലയുടെ ദൈര്‍ഘ്യം 19.6 കിലോമീറ്ററാണ്. 1794 കോടി രൂപ മുതല്‍മുടക്കുള്ള പദ്ധതി 2021 മധ്യത്തോടെ പൂര്‍ത്തിയാകും.