മുംബൈയിൽ വിമാനാപകടം : അഞ്ച് പേർ മരിച്ചു

Posted on: June 28, 2018

മുംബൈ : മുംബൈ ഘാട്ട്‌കോപ്പർ (വെസ്റ്റ്) സർവോദയ് നഗറിൽ ചാർട്ടേഡ് വിമാനം ജനവാസമേഖലയിൽ തകർന്നു വീണ് അഞ്ച് പേർ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആണ് കിംഗ് എയർ സി – 90 വിമാനം അപകടത്തിൽപ്പെട്ടത്. രണ്ട് പൈലറ്റ്മാർ, രണ്ട് എയർക്രാഫ്റ്റ് മെയിന്റനൻസ് എൻജിനിയർമാർ, ഒരു കാൽനടയാത്രക്കാരൻ എന്നിവരാണ് മരിച്ചതെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

ജുഹുവിൽ നിന്നും പരീക്ഷണപറക്കലിനായി പുറപ്പെട്ട വിമാനമാണ് തകർന്നു വീണത്. മുംബൈ മെട്രോപൊളിറ്റൻ ഫയർബ്രിഗേഡും 108 ആംബുലൻസ് സർവീസും സിറ്റി പോലീസും രക്ഷാപ്രവർത്തനങ്ങൾ നടത്തിവരികയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു ടീമും സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.

ദീപക് കോത്താരിയുടെ ഉടമസ്ഥതയിലുള്ള യുവി ഏവിയേഷന്റേതാണ് 12 സീറ്റുള്ള ചാർട്ടേഡ് വിമാനം. ദുരന്തത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും വിശദമായ അന്വേഷണം നടത്തും.