റിസർവ് ബാങ്ക് പലിശനിരക്കുകൾ വർധിപ്പിച്ചു

Posted on: June 6, 2018

ന്യൂഡൽഹി : റിസർവ് ബാങ്ക് റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകൾ കാൽ ശതമാനം വർധിപ്പിച്ചു. പുതിയ റിപ്പോ നിരക്ക് 6.25 ശതമാനമാണ്. റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമാകും. സിആർആർ നിരക്ക് നാല് ശതമാനമായി തുടരും. എസ് എൽ ആർ 19.5 ശതമാനമാണ്. ഇതോടെ ഭവന-വാഹന വായ്പ പലിശ വർധിക്കും. നാല് വർഷത്തിനിടെ ആദ്യമായാണ് ആർബിഐ നിരക്ക് ഉയർത്തിയത്.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കും അന്താരാഷ്ട്ര വിപണിയിലെ ഉയർന്ന ക്രൂഡോയിൽ വിലയുമാണ് പലിശ വർധിപ്പിക്കാൻ ആർബിഐയെ നിർബന്ധിതമാക്കിയത്. ഗവർണർ ഊർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന വായ്പാനയ അവലോകന സമിതിയോഗം പതിവിന് വിപരീതമായി മൂന്ന് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.