പ്രവാസി ചിട്ടി കേരളത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കും : തോമസ് ഐസക്

Posted on: June 6, 2018

തിരുവനന്തപുരം : വിദേശ മലയാളികൾക്കായി കെഎസ്എഫ്ഇ ആവിഷ്‌കരിക്കുന്ന പ്രവാസി ചിട്ടി കേരളത്തിന്റെ പുരോഗതിക്കു വലിയ കൈത്താങ്ങാകുമെന്ന് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. വിദേശ മലയാളികൾക്ക് ഒരു സമ്പാദ്യപദ്ധതി എന്നതിനുപരി സംസ്ഥാനത്തിന്റെ വളർച്ചയ്ക്കു വഴിയൊരുക്കുന്ന ഒരു സാമ്പത്തിക മാതൃക കൂടിയാവുകയാണിതെന്ന് ഡോ.ഐസക് വിശദീകരിച്ചു.

കിഫ്ബിയുടെയും (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) നോർക്കയുടെയും സഹകരണത്തോടെ നടത്തുന്ന പ്രവാസി ചിട്ടിയിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ 12 ന് നിയമസഭാ സമുച്ചയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. എംഎൽഎമാരും എംപിമാരും വിദേശ മലയാളി സംഘടനാ പ്രതിനിധികളും ചടങ്ങിൽ സാന്നിഹിതരായിരിക്കും.

പ്രവാസി ചിട്ടി തുടക്കമെന്ന നിലയിൽ യുഎഇയിലാവും ആരംഭിക്കുന്നതെന്ന് ഐസക് പറഞ്ഞു. പിന്നീട് മറ്റു രാജ്യങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. സംസ്ഥാനത്തെ ചിട്ടിയിൽ നിന്നു വ്യത്യസ്തമായി, പ്രവാസി ചിട്ടിക്ക് എൽഐസിയുടെ ഇൻഷുറൻസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും അദേഹം അറിയിച്ചു. ചിട്ടിയിൽ ചേരുന്ന ആരെങ്കിലും മരണമടഞ്ഞാൽ ബാക്കിവരുന്ന തവണകൾ എൽഐസി അടച്ചു തീർക്കുകയും അനുകൂല്യങ്ങൾ ബന്ധുക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും. ചിട്ടിയിൽ ചേർന്നവരാരെങ്കിലും വിദേശത്തു മരണമടഞ്ഞാൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചുമതല കെഎസ്എഫ്ഇ വഹിക്കുകയും ചെയ്യും. സ്റ്റേറ്റ് ഇൻഷുറൻസിന്റെ പരിരക്ഷയും പ്രവാസി ചിട്ടിക്കുണ്ടാകും.

24,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ വർഷം കിഫ്ബി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡോ.ഐസക് വിശദീകരിച്ചു. പണിതീർത്ത വകയിൽ 301 കോടി രൂപ കരാറുകാർക്ക് വിതരണം ചെയ്തു കഴിഞ്ഞു. അടുത്ത വർഷം 20,000 കോടി രൂപയുടെ പ്രവർത്തനങ്ങൾ കിഫ്ബി ഏറ്റെടുക്കും. ബജറ്റിൽ വേറെ 10,000 കോടി രൂപ ഉൾക്കൊള്ളിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ചിട്ടി ബിസിനസിൽ സാധാരണയായുണ്ടാവുന്ന നീക്കിയിരിപ്പ് കിഫ്ബി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് കിഫ്ബി സിഇഒ ഡോ. കെ. എം. ഏബ്രഹാം വിശദീകരിച്ചു. പ്രവാസി ചിട്ടിയിൽ ചേരുന്നവർ അടയ്ക്കുന്ന തവണകൾ കിഫ്ബി ബോണ്ടുകളിലേയ്ക്കാണു പോവുന്നത്. പ്രവാസികളുടെ പണം പൂർണ്ണമായി സുരക്ഷിതമായിരിക്കും. അതേസമയം നാട്ടിലെ ചെറുതും വലുതുമായ വികസനപ്രവർത്തനങ്ങൾക്ക് ഇതുപയോഗിക്കുകയും ചെയ്യാമെന്ന് ഡോ. ഏബ്രഹാം ചൂണ്ടിക്കാട്ടി.

പൂർണമായും ഓൺലൈനായ പ്രവാസിചിട്ടിയുടെ സാങ്കേതിക കാര്യങ്ങൾ കിഫ്ബി കൺസൾട്ടന്റ് ഡോ. പി.വി. ഉണ്ണികൃഷ്ണൻ വിശദീകരിച്ച. കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ്, മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമൻ എന്നിവർ പ്രസംഗിച്ചു. കിഫ്ബി ഡെപ്യൂട്ടി സിഇഒ സഞ്ജീവ് കൗശൽ ഐഎഎസ്, രജിസ്‌ട്രേഷൻ ഐജി  കെ.എൻ. സതീഷ് ഐ.എ.എസ്. എന്നിവർ സംബന്ധിച്ചു.