വായ്പാനയ അവലോകന സമിതി യോഗം നാളെ മുതൽ ; ആശങ്കയോടെ വിപണി

Posted on: June 3, 2018

മുംബൈ : നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാമത് ദ്വൈമാസ വായ്പാ നയത്തിന് രൂപം നൽകാൻ റിസർവ് ബാങ്കിന്റെ അവലോകന സമിതി യോഗം നാളെ ആരംഭിക്കും. പതിവിന് വിപരീതമായി ഇത്തവണം മൂന്ന് ദിവസമാണ് അവലോകന സമിതി യോഗം. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശനിരക്ക് കൂട്ടിയേക്കുമോ എന്ന ആശങ്കയിലാണ് വാണിജ്യമേഖല. ഉപഭോക്തൃവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് ഏപ്രിൽ മാസത്തിൽ 3.18 ശതമാനമായിരുന്നു. കഴിഞ്ഞ നാല് മാസത്തെ ഏറ്റവും കൂടിയനിരക്കാണിത്. രാജ്യത്ത് ഇന്ധനവില സൃഷ്ടിച്ച വിലക്കയറ്റവും നിരക്കിളവിൽ നിന്ന് റിസർവ് ബാങ്കിനെ പിന്തരിപ്പിക്കുന്നു.

റിപ്പോ നിരക്ക് (വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന ഹൃസ്വകാല വായ്പയുടെ പലിശ) ഇപ്പോൾ 6 ശതമാനമാണ്. റിവേഴ്‌സ് റിപ്പോ (വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ സൂക്ഷിക്കുന്ന കരുതൽധനത്തിന്റെ പലിശ) 5.75 ശതമാനവുമാണ്. ആർ ബി ഐ നിരക്ക് കൂട്ടിയാൽ വാണിജ്യബാങ്കുകൾ ഉടനെ വായ്പകളുടെ പലിശ വർധിപ്പിക്കും. ഇതു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ തളർത്തും. ഈ സാഹചര്യത്തിൽ നിരക്കുകളിൽ മാറ്റം വരുത്താനിടയില്ലെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.