കർണാടകത്തിൽ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

Posted on: May 16, 2018

ബംഗലുരു : കർണാടകത്തിൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് 12.20 ന് ആണ് സത്യപ്രതിജ്ഞ. ഗവർണറെ കാണാനുള്ള കോൺഗ്രസ് – ജനതാദൾ – എസ് നീക്കം ഫലം കണ്ടില്ല. ഗവർണർക്ക് നൽകിയ കത്തിൽ രണ്ട് കോൺഗ്രസ് എംഎൽഎമാർ ഒപ്പിട്ടില്ല. 78 എംഎൽഎ മാരിൽ 74 പേർ മാത്രമാണ് പിസിസി ആസ്ഥാനത്ത് എത്തിയത്. ഇവരെ പിന്നീട് റിസോർട്ടിലേക്ക് മാറ്റി.

ജെഡിഎസിന്റെ എംഎൽഎമാർക്ക് കൂറുമാറാൻ ബിജെപി 100 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. കർണാടകത്തിലെ കോൺഗ്രസ് സർക്കാർ ബിജെപി നേതാക്കളുടെ ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും ലോകസഭാ സ്പീക്കർക്കും പരാതി നൽകി.