ലുലു ഗ്രൂപ്പ് കോഴിക്കോട്ട് ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും സ്ഥാപിക്കുന്നു

Posted on: May 9, 2018

ദുബായ് : ലുലു ഗ്രൂപ്പ് 1000 കോടി രൂപ മുതൽമുടക്കിൽ കോഴിക്കോട്ട് ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും നക്ഷത്ര ഹോട്ടലും സ്ഥാപിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. ഉപേക്ഷിക്കാനിരുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്റെ അഭ്യർത്ഥന മാനിച്ചാണ് പുനരാരംഭിക്കുന്നത്. കോഴിക്കോട് ബൈപ്പാസിൽ മാങ്കാവിനടുത്ത് 20 ഏക്കറിലാണ് ലുലു ഷോപ്പിംഗ് മാളും കൺവെൻഷൻ സെന്ററും ഉയരുന്നത്.

മൂന്ന് മാസത്തിനുള്ളിൽ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. 30 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. പുതിയ സംരംഭത്തിൽ 3000 പേർക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന് എം എ യൂസഫലി പറഞ്ഞു. കൊച്ചി ബോൾഗാട്ടി ലുലു കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ലുലു ഗ്രൂപ്പിന്റെ പുതിയ പദ്ധതികളെകുറിച്ച് നടത്തിയ അവതരണത്തിൽ കോഴിക്കോട് ഉണ്ടായിരുന്നില്ല.

കോഴിക്കോട് വളരെ നേരത്തെ തന്നെ സ്ഥലം ഏറ്റെടുത്തിരുന്നുവെങ്കിലും അനുമതി സംബന്ധിച്ച് കുറെ തടസങ്ങൾ നേരിട്ടിരുന്നു. ഒരു ഘട്ടത്തിൽ പദ്ധതി വേണ്ടെന്നു തീരുമാനിച്ചതുമാണ്. എന്നാൽ അനുമതിക്ക് പ്രശ്‌നമുണ്ടാവില്ലെന്നും പെട്ടന്നു തന്നെ പദ്ധതി ആരംഭിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന മാനിച്ചാണ് പദ്ധതി പുനരാരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇതിന്റെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി. അതിനാലാണ് ദുബായിൽ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയതെന്നും എം എ യൂസഫലി വ്യക്തമാക്കി.