കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയ്ക്ക് 111 ശതമാനം കയറ്റുമതി വളർച്ച

Posted on: April 25, 2018

കൊച്ചി : കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയിൽ നിന്നുള്ള കയറ്റുമതിയിൽ 2017-18 സാമ്പത്തിക വർഷം 111 ശതമാനം വളർച്ച കൈവരിച്ചു. അഖിലേന്ത്യതലത്തിൽ കൊച്ചി പ്രത്യേക സാമ്പത്തിക മേഖല രണ്ടാം സ്ഥാനത്താണ്. പശ്ചിമബംഗാളിലെ ഫാൾട്ട എസ്ഇഇസഡ് ആണ് ഒന്നാംസ്ഥാനത്ത്.

രാജ്യത്തെ 204 പ്രത്യേക സാമ്പത്തിക മേഖലകൾ എല്ലാം കൂടി 2017-18 ൽ 18 ശതമാനം വളർച്ച നേടി. കയറ്റുമതി വരുമാനം 2016-17 ലെ 2,30,797 കോടിയിൽ നിന്ന് 2,73,487 കോടിയായി വർധിച്ചു. പ്രത്യേക സാമ്പത്തിക മേഖലകളിൽ നിന്നുള്ള സോഫ്റ്റ് വേർ കയറ്റുമതിയും കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 17 ശതമാനം വർധിച്ചു. 2,77,857 കോടിയുടെ സോഫ്റ്റ് വേർ ആണ് കഴിഞ്ഞ വർഷം കയറ്റുമതി ചെയ്തത്.

ഉത്പാദനവും സേവനങ്ങളും യാതൊരു തടസവും കൂടാതെ നടക്കുന്ന ഏക സ്ഥലമാണ് പ്രത്യേക സാമ്പത്തിക മേഖലകളെന്ന് ഇപിസിഇഎസ് ചെയർമാൻ ഡോ. വിനയ് ശർമ്മ പറഞ്ഞു. 500 ഏക്കറോ അതിൽ അധികമോ സ്ഥലത്ത് പ്ലാന്റ് സ്ഥാപിക്കാൻ തയാറാകുന്ന വിദേശ നിക്ഷേപകന് വേഗത്തിൽ ഭൂമി നൽകാൻ പ്രത്യേക സാമ്പത്തിക മേഖലകൾക്കേ സാധിക്കൂ. നാല് മുതൽ ആറ് വരെ ആഴ്ച്ചക്കുള്ളിൽ നിർമാണം ആരംഭിക്കാവുന്ന ഏക ജാലക സംവിധാനമുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.