എയർപോർട്ട് അഥോറിട്ടി 15 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു

Posted on: April 23, 2018

ന്യൂഡൽഹി : എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യ (എഎഐ) രാജ്യത്തെ ലാഭകരമായ 15 വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനൊരുങ്ങുന്നു. സ്വകാര്യവത്കരണത്തിന് കർമ്മപദ്ധതി തയാറാക്കാൻ വ്യോമയാനമന്ത്രാലയം എഎഐ യോട് ആവശ്യപ്പെട്ടിട്ടുണ്ട്. യുപിഎ സർക്കാരിന്റെ കാലത്ത് മുംബൈ, ഡൽഹി, ഹൈദരാബാദ്, ബംഗലുരു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചിരുന്നു. കേരളത്തിലെ തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ എയർപോർട്ട് അഥോറിട്ടി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്.

അഹമ്മദാബാദ്, ചെന്നൈ, ജയ്പ്പൂർ, കോൽക്കത്ത, ലക്‌നൗ, ഗുവാഹട്ടി തുടങ്ങിയ സംസ്ഥാന തലസ്ഥാന എയർപോർട്ടുകളും സ്വകാര്യവത്കരിക്കുന്നവയിൽ ഉൾപ്പെടുന്നു. ആഗോള തലത്തിലുള്ള വിമാനത്താവള കമ്പനികൾക്കും വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ താത്പര്യപത്രം സമർപ്പിക്കാനാവും വിധമാണ് സർക്കാർ നിലപാട്.