റോട്ടോമാക് തട്ടിപ്പ് : 11 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു

Posted on: February 20, 2018

ന്യൂഡൽഹി : റോട്ടോമാക് ബാങ്ക് തട്ടിപ്പ് കേസിൽ ആദായനികുതി വകുപ്പ് 11 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രാഥമിക പരിശോധനയിൽ 85 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്നാണ് റോട്ടോമാക്കുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലുള്ള 11 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിലും റോട്ടോമാക്കിന്റെ മൂന്ന് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് അറ്റാച്ച് ചെയ്തിരുന്നു. 3,695 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐക്ക് പുറമെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം നടത്തിവരികയാണ്.

ബാങ്ക് ഓഫ് ബറോഡയുടെ പരാതിയിൽ കാൺപൂരിലെ റോട്ടോമാക് ഗ്ലോബൽ ഡയറക്ടർ വിക്രം കോത്താരി, ഭാര്യ സാധാന കോത്താരി, മകൻ രാഹുൽ കോത്താരി എന്നിവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏതാനും ബാങ്ക് ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്. ഏഴ് ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വ്യാജ കയറ്റുമതി രേഖകളുടെ അടിസ്ഥാനത്തിൽ 2,919.30 കോടി രൂപ കോത്താരി തട്ടിയെടുത്തതായും പലിശ കൂടി ചേർത്ത് മൊത്തം 3,695 കോടിയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും ചോദ്യം ചെയ്യലിൽ സിബിഐ കണ്ടെത്തി.