ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഐപിഒ 12 മുതൽ

Posted on: February 6, 2018

കൊച്ചി : ഡോ. ആസാദ് മൂപ്പൻ നേതൃത്വം നൽകുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ ഫെബ്രുവരി 12 ന് ആരംഭിക്കും. കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി ഉൾപ്പടെ ഇന്ത്യയിലും മിഡിൽഈസ്റ്റിലുമായി നിരവധി ആശുപത്രികൾ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിനുണ്ട്.

ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ 2017 ൽ 5,931.29 കോടി രൂപ വരുമാനം നേടി. മുൻ വർഷത്തേക്കാൾ 13 ശതമാനം വളർച്ചകൈവരിച്ചു. 2016-17 ൽ 266.47 കോടി രൂപ ലാഭവും നേടിയിട്ടുണ്ട്. 2017 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ 17,408 ജീവനക്കാരും 1,417 ഡോക്ടർമാരും സേവനമനുഷ്ഠിക്കുന്നുണ്ട്. പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളായ ഒളിമ്പസ് കാപ്പിറ്റൽ, ട്രൂ നോർത്ത് മാനേജേഴ്‌സ് എന്നിവയ്ക്കും ആസ്റ്ററിൽ ഓഹരിപങ്കാളിത്തമുണ്ട്

പ്രമോട്ടർമാരായ യൂണിയൻ ഇൻവെസ്റ്റ്‌മെന്റ്‌സ് മൊത്തം 1,34,28,251 ഓഹരികളിലൂടെ 980.13 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം കമ്പനിയുടെ കടങ്ങൾ തീർക്കുന്നതിനും മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുമായി വിനിയോഗിക്കും. പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 180-190 രൂപ നിരക്കിലാണ് പ്രൈസ് ബാൻഡ്. ഇഷ്യു ഫെബ്രുവരി 15 ന് സമാപിക്കും. ഓഹരികൾ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യും.

കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ, അക്‌സിസ് കാപ്പിറ്റൽ, ഗോൾഡ്മാൻ സാച്ചസ് എന്നിവരാണ് ഇഷ്യുവിന്റെ ഗ്ലോബൽ കോ-ഓർഡിനേറ്റേഴ്‌സ്. ഐസിഐസിഐ സെക്യൂരിറ്റീസ്, ജെഎം ഫിനാൻഷ്യൽ, യെസ് സെക്യൂരിറ്റീസ് എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജേഴ്‌സ്.