ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ 2500 കോടി രൂപ മുതൽമുടക്കുന്നു

Posted on: January 30, 2018

ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ നടത്തുന്ന 2500 കോടിയുടെ നിക്ഷേപം സംബന്ധിച്ച ധാരണാപത്രം തെലുങ്കാന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലിക്ക് കൈമാറുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, തെലുങ്കാന വ്യവസായ മന്ത്രി കെ. ടി. രാമറാവു, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാർ തുടങ്ങിയവർ സമീപം.

അബുദാബി : ലുലു ഗ്രൂപ്പ് തെലുങ്കാനയിൽ 2500 കോടി രൂപ മുതൽമുടക്കുന്നു. ഹൈദരാബാദിൽ 18 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഷോപ്പിംഗ് മാൽ, മേദക് ജില്ലയിൽ പഴം-പച്ചക്കറികൾ കയറ്റുമതി ചെയ്യാനുള്ള ആധുനിക ലോജിസ്റ്റിക്‌സ് സെന്റർ, രംഗറെഡി ജില്ലയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രം തുടങ്ങിയവയാണ് ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ തെലുങ്കാന സർക്കാരും ലുലു ഗ്രൂപ്പും ഒപ്പുവെച്ചു.

യുഎഇ സന്ദർശിക്കുന്ന തെലുങ്കാന വ്യവസായ-നഗരവികസന മന്ത്രി കെ.ടി. രാമറാവുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം അബുദാബിയിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് നിക്ഷേപകാര്യത്തിൽ ധാരണയായത്. മുതൽമുടക്ക് സംബന്ധിച്ച് തെലുങ്കാന സർക്കാരുമായി ധാരണയിലെത്താനായതിൽ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

തെലുങ്കാന സർക്കാരിൽ നിന്നും മികച്ച പിന്തുണയും സഹകരണവുമാണ് സംസ്ഥാനത്ത് എത്തുന്ന നിക്ഷേപകർക്ക് ലഭിക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനാണ് ഉദേശിക്കുന്നതെന്നും അദേഹം പറഞ്ഞു. 5000 ൽ അധികം പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ തെലുങ്കാനയിൽ ലഭ്യമാകുമെന്നും എം എ യൂസഫലി അറിയിച്ചു.

തെലുങ്കാന വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ, യുഎഇയിലെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ദിനേഷ് കുമാർ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി, സിഇഒ സൈഫി രൂപാവാല, സിഒഎൽ സലീം വി.ഐ, ഡയറക്ടർമാരായ എ.വി. ആനന്ദ്, സലീം എം.എ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.