സ്‌കോട്ട്‌ലാൻഡിലെ വാൽഡോഫ് അസ്റ്റോറിയ ലുലു ഗ്രൂപ്പ് സ്വന്തമാക്കി

Posted on: January 17, 2018

അബുദാബി : ലുലു ഗ്രൂപ്പിന്റെ ഹോസ്പിറ്റാലിറ്റി സംരംഭമായ ട്വന്റി ഫോർട്ടീൻ ഹോൾഡിംഗ്‌സ് സ്‌കോട്ട്‌ലാൻഡിലെ പ്രശസ്ത പൈതൃക ഹോട്ടൽ സമുച്ചയമായ വാൽഡോഫ് അസ്റ്റോറിയ – ദി കാലിഡോണിയൻ 120 ദശലക്ഷം യുഎസ് ഡോളറിന് സ്വന്തമാക്കി. ഹോട്ടലിന്റെ മുഖംമിനുക്കലിനായി 28 ദശലക്ഷം ഡോളർ കൂടി ലുലു ഗ്രൂപ്പ് ചെലവഴിക്കും. നൂറിലേറെ വർഷം പാരമ്പര്യമുള്ള സ്‌കോട്ടീഷ് റെയിൽവേ ഹോട്ടലാണ് വാൽഡോഫ്. എഡിൻബർഗ് കാസിലിന്റെ മനോഹരമായ കാഴ്ച്ച സമ്മാനിക്കുന്ന വാൽഡോഫിൽ 241 മുറികളാണുള്ളത്. വാൽഡോഫ് അസ്റ്റോറിയ ഹിൽട്ടൺ ഹോട്ടൽ ശൃംഖലയുടെ ഭാഗമാണ്.

ഓൾഡ് പ്രിൻസ് സ്ട്രീറ്റ് റെയിൽവേ സ്റ്റേഷന്റെ ഭാഗമായി 1903 ൽ ആണ് ഹോട്ടൽ ആരംഭിക്കുന്നത്. സ്വദേശികളും വിദേശികളുമായ സഞ്ചാരികളുടെ ഇഷ്ടയിടമായ ഈ സ്‌കോട്ടീഷ് ലാൻഡ്മാർക്ക് സ്വന്തമാക്കാനായതിൽ ഏറെ അഭിമാനമുണ്ടെന്ന് ട്വന്റി ഫോർട്ടീൻ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

ഇതോടെ ട്വന്റി ഫോർട്ടീൻ ഹോൾഡിംഗ്‌സിന് കീഴിലുള്ള മൊത്തം ആഡംബര ഹോട്ടൽ, കെട്ടിട സമുച്ചയങ്ങളുടെ മതിപ്പ് വില ഏകദേശം 650 ദശലക്ഷം ഡോളറിലേറെയായി. ലോകത്തിന്റെ പല കോണിലുമുള്ള പൈതൃക കെട്ടിട സമുച്ചയങ്ങൾ അതിന്റെ ചരിത്ര പ്രാധാന്യവും ഗരിമയും ഒട്ടും ചോരാതെ ഏറ്റെടുത്തു നടത്തുകയാണ് ട്വന്റി ഫോർട്ടീൻ ഹോൾഡിംഗ്‌സ് ചെയ്യുന്നത്.