ലുലു ഗ്രൂപ്പ് ആസാമിൽ മുതൽമുടക്കുമെന്ന് എം എ യൂസഫലി

Posted on: January 9, 2018

സിംഗപ്പൂരിൽ നടന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ, ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവൾ, ഫിക്കി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി തുടങ്ങിയവർ.

സിംഗപ്പൂർ : ആസാമിൽ ഭക്ഷ്യസംസ്‌കരണ രംഗത്ത് മുതൽമുടക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി. സിംഗപ്പൂരിൽ നടന്ന റീജണൽ പ്രവാസി ഭാരതീയ ദിവസിനിടെ ആസാം മുഖ്യമന്ത്രി സർബാനന്ദ സോനോവളുമായി നടത്തിയ കൂടിക്കാഴ്ച്ചക്കിടെയായിരുന്നു യൂസഫലിയുടെ പ്രഖ്യാപനം.

ആസാമിൽ ഉത്പാദിപ്പിക്കുന്ന പഴം, പച്ചക്കറി തുടങ്ങിയവ നേരിട്ട് സംഭരിച്ച് ഗൾഫിലും കിഴക്കനേഷ്യൻ രാജ്യങ്ങളിലുമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിപണനം നടത്തും. ഇതിനായി അത്യാധുനിക രീതിയിലുള്ള കോൾഡ് സ്‌റ്റോറേജ് സ്ഥാപിക്കും. ഇതു സംബന്ധിച്ച് സർക്കാരുമായി ചർച്ചനടത്തുന്നതിന് ലുലു ഗ്രൂപ്പിന്റെ ഉന്നതതല സംഘം അടുത്തു തന്നെ ആസാം സന്ദർശിക്കും.

ലുലു ഗ്രൂപ്പിന് ആവശ്യമായ എല്ലാ സഹായങ്ങളും ആസാം സർക്കാർ നൽകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. അടുത്ത മാസം ആസാമിൽ നടക്കുന്ന ആഗോള നിക്ഷേപക സംഗമത്തിൽ ഇതു സംബന്ധിച്ച് ധാരണയാകുമെന്നും അദേഹം പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറി രവി കപൂർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും കൂടിക്കാഴ്ച്ചയിൽ സംബന്ധിച്ചു.

ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ക്കരി, സിംഗപ്പൂർ വിദേശകാര്യമന്ത്രി വിവിയൻ ബാലകൃഷ്ണൻ, വ്യവസായമന്ത്രി എസ്. ഈശ്വരൻ, ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു തുടങ്ങിയ നിരവധി പ്രമുഖർ രണ്ട് ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്തു.