ഏഷ്യ-പസഫിക്കിലെ കരുത്തരായ വനിതകളിൽ 8 ഇന്ത്യക്കാർ

Posted on: September 21, 2014

Chanda-Kochhar-big

ഏഷ്യ-പസഫിക്കിൽ നവലോക ക്രമം കെട്ടിപ്പടുക്കുന്ന കരുത്തരായ 25 വനിതകളുടെ ഫോർച്യൂൺ ലിസ്റ്റിൽ എട്ട് ഇന്ത്യക്കാർ. ഐ സി ഐ സി ഐ ബാങ്ക് മേധാവി ചന്ദ കൊച്ചാറാണ് ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് പെപ്‌സികോ സിഇഒയും ഇന്ത്യൻവംശജയുമായ ഇന്ദിര നൂയിയാണ്.

എസ് ബി ഐ മാനേജിംഗ് ഡയറക്ടർ അരുന്ധതി ഭട്ടാചാര്യ (നാല്), എച്ച് പി സി എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നിഷി വാസുദേവ (അഞ്ച്), അക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടർ ശിഖ ശർമ്മ (പത്ത്), ബയോകോൺ മാനേജിംഗ് ഡയറക്ടർ കിരൺ മജൂംദാർ ഷാ (19), നാഷണൽ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് സിഇഒ ചിത്ര രാമകൃഷ്ണൻ (22), എച്ച് എസ് ബി സി മേധാവി നൈന ലാൽ കിദ്വായ് (23), ടേഫ് ചെയർമാൻ മല്ലിക ശ്രീനിവാസൻ (25) എന്നിവരാണ് ലിസ്റ്റിലുള്ള മറ്റു ഇന്ത്യക്കാർ.

ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കിനെ നയിക്കുന്ന വനിതയെന്ന നിലയിലാണ് അരുന്ധതി ഭട്ടാചാര്യ ലിസ്റ്റിൽ ഇടംപിടിച്ചത്. 400 ബില്യൺ ഡോളറിന്റെ ആസ്തികളും 2,18,000 ജീവനക്കാരുമുള്ള എസ് ബി ഐ യ്ക്ക് 16,000 ൽപ്പരം ബ്രാഞ്ചുകളുണ്ട്.

പൊതുമേഖല എണ്ണക്കമ്പനിയുടെ തലപ്പത്ത് എത്തിയ ആദ്യ വനിതയാണ് നിഷി വാസുദേവ. ഫോർച്യൂൺ 500 ലിസ്റ്റിൽ ഉൾപ്പെട്ട നാലു വനിതാ കമ്പനി മേധാവികളിലൊരാൾ. ലോകത്ത് ആദ്യമായി സ്റ്റോക്ക്എക്‌സ്‌ചേഞ്ചിന് നേതൃത്വം നൽകുന്ന വനിതയാണ് ചിത്ര രാമകൃഷ്ണൻ.