വാർബർഗ് പിങ്കസ് എയർടെൽ ഡിടിഎച്ചിൽ നിക്ഷേപം നടത്തി

Posted on: December 13, 2017

മുംബൈ : യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്കസ് ഭാരതി എയർടെല്ലിന്റെ ഡിടിഎച്ച് യൂണിറ്റായ ഭാരതി ടെലിമീഡിയയിൽ 350 മില്യൺ ഡോളറിന്റെ (2,258 കോടി രൂപ) നിക്ഷേപം നടത്തി. ഇതോടെ എയർടെല്ലിന്റെ ഡിടിഎച്ച് ബിസിനസിൽ 20 ശതമാനം ഓഹരിപങ്കാളിത്തം വാർബർഗ് പിങ്കസിന് ലഭിക്കും. വാർബർഗ് പിങ്കസിന്റെ ഭാഗമായ ലയൺ മെഡോ ഇൻവെസ്റ്റ്‌മെന്റ് 15 ശതമാനവും ഗ്രൂപ്പിലെ മറ്റൊരു കമ്പനി 5 ശതമാനവും കൈവശംവെയ്ക്കും.

ഭാരതി ടെലിമീഡിയയുടെ മൂല്യം 11,300 കോടി രൂപയാണ് കണക്കാക്കിയിട്ടുള്ളത്. 2017 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം ഭാരതി ടെലിമീഡിയയ്ക്ക് 14 ദശലക്ഷം വരിക്കാരാണുള്ളത്. വാർബർഗ് പിങ്കസ് ഇന്ത്യയിൽ 8 ബില്യൺ ഡോളറിന്റെ നിക്ഷേപ നിക്ഷേപം നടത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ക്ലീൻ മാക്‌സ് സോളാർ, പിരമൾ റിയലിട്ടി, എൽ & ടി ഫിനാൻസ്, ഇകോം എക്‌സ്പ്രസ്, കല്യാൺ ജുവല്ലേഴസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, അംബുജ സിമന്റ്, ലോറസ് ലാബ്, ക്വിക്കർ, കാർട്രേഡ്, തുടങ്ങി അറുപതോളം ഇന്ത്യൻ കമ്പനികളിൽ വാർബർഗ് പിങ്കസ് നിക്ഷേപം നടത്തിയിട്ടുണ്ട്.