വായ്പാനയ അവലോകന സമിതി യോഗം നാളെ ; നിരക്കിളവിന് സാധ്യതയില്ല

Posted on: December 4, 2017

മുംബൈ : റിസർവ് ബാങ്കിന്റെ നടപ്പ് വർഷത്തെ അഞ്ചാമത് ദ്വൈമാസ വായ്പാനയത്തിന് രൂപം നൽകാൻ അവലോകന സമിതി നാളെ യോഗം ചേരും. നിരക്കിളവിന് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. നാണ്യപെരുപ്പ് നിരക്ക് വർധിക്കുന്ന സാഹചര്യമാണ് നിരക്ക് കുറയ്ക്കുന്നതിൽ നിന്ന് ആർബിഐയെ പിന്തിരിപ്പിക്കുന്നത്. ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപെരുപ്പ നിരക്ക് ഇപ്പോൾ 3.58 ശതമാനമാണ്.

നിലവിൽ റിപ്പോ നിരക്ക് ആറ് ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനവും സിആർആർ നാല് ശതമാനവും എസ് എൽ ആർ 19.5 ശതമാനവുമാണ്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയരുന്നതും നിരക്ക് ഇളവിന് തടസം സൃഷ്ടിക്കുന്നു. യുഎസ് ഫെഡറൽ റിസർവ് നിരക്ക് ഉയർത്തിയേക്കുമെന്നാണ് ഇന്ത്യയിലെ ബാങ്കിംഗ് മേഖലയുടെ അനുമാനം.