ഖത്തർ എയർവേസിന് കാത്തേ പസഫിക്കിൽ ഓഹരിപങ്കാളിത്തം

Posted on: November 6, 2017

ദോഹ : ഖത്തർ എയർവേസ് ഹോങ്കോംഗ് ആസ്ഥാനമായുള്ള കാത്തേ പസഫിക്കിന്റെ 9.6 ശതമാനം ഓഹരികൾ വാങ്ങി. 662 മില്യൺ ഡോളറിന്റേതാണ് ഇടപാട്. സ്വയർ പസഫിക് (45%), എയർ ചൈന (30%) എന്നിവയ്ക്കും കാത്തേ പസഫിക്കിൽ നിർണായക ഓഹരിപങ്കാളിത്തമുണ്ട്.

ലോകത്തിലെ കരുത്തുറ്റ എയർലൈനുകളിലൊന്നാണ് കാത്തേ പസഫിക്ക് എന്ന് ഖത്തർ എയർവേസ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ പറഞ്ഞു. വലിയ സാധ്യതകളുമുണ്ടെന്ന് അദേഹം അഭിപ്രായപ്പെട്ടു.

അമേരിക്കൻ എയർലൈൻസിന്റെ 10 ശതമാനം ഓഹരി വാങ്ങാനുള്ള തീരുമാനം ഓഗസ്റ്റിൽ ഖത്തർ എയർവേസ് വേണ്ടെന്നുവച്ചിരുന്നു. ഗൾഫ് വിമാനക്കമ്പനികളിൽ നിന്നുള്ള മത്സരത്തെ തുടർന്ന് കാത്തേ പസഫിക് വലിയ വെല്ലുവിളി നേരിടുന്നുണ്ട്. കഴിഞ്ഞ മെയ് മാസത്തിൽ കാത്തേ പസഫിക് 600 ജീവനക്കാരെ കുറച്ചിരുന്നു.

ഖത്തർ എയർവേസിന് ബ്രിട്ടീഷ് എയർവേസിന്റെ മാതൃ കമ്പനിയായ ഇന്റർനാഷണൽ കൺസോളിഡേറ്റഡ് എയർലൈൻ ഗ്രൂപ്പിൽ 20 ശതമാനവും സൗത്ത് അമേരിക്കയിലെ ലതാം എയർലൈൻസിൽ 10 ശതമാനവും ഇറ്റലിയിലെ മെറിദിയാന എയർലൈൻസിൽ 49 ശതമാനവും ഓഹരിപങ്കാളിത്തമുണ്ട്.