ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിൽ 3,000 കോടി രൂപ മുതൽമുടക്കും

Posted on: October 28, 2017

കൊച്ചി : പ്രവാസി വ്യവസായി പദ്മശ്രീ എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് ആന്ധ്രപ്രദേശിൽ 3,000 കോടി രൂപ മുതൽമുടക്കും.മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ആന്ധ്ര സർക്കാർ അബുദാബിയിൽ നടത്തിയ നിക്ഷേപക സമ്മേളനത്തിലാണ് ലുലു ഗ്രൂപ്പ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്.

വിശാഖപട്ടണത്ത് 22 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലുള്ള ലുലുമാൾ, മുന്നൂറോളം മുറികളുള്ള മാരിയറ്റ് ഹോട്ടൽ, എണ്ണായിരത്തോളം പേർക്ക് ഇരിക്കാവുന്ന അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ എന്നിവയടങ്ങുന്ന സമുച്ചയമാണ് ലുലു ഗ്രൂപ്പ് നിർമ്മിക്കും. സ്ഥലം ഉൾപ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ സർക്കാരാണ് ഒരുക്കിക്കൊടുക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ 5,000 പേർക്ക് നേരിട്ടും അതിന്റെ ഇരട്ടിയിലേറെപ്പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. ഫെബ്രുവരിയിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പദ്ധതിയുടെ തറക്കല്ലിടൽ നിർവഹിക്കും. 30 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാകും.

നിർദിഷ്ട പദ്ധതിക്ക് യാതൊരു തടസമോ ബുദ്ധിമുട്ടോ കൂടാതെ 25 ദിവസത്തിനുള്ളിൽ ആന്ധ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചത് അത്ഭുതപ്പെടുത്തിയെന്ന് എം എ യൂസഫലി പറഞ്ഞു. നിക്ഷേപകരെ രണ്ടുകൈയും നീട്ടി സ്വീകരിക്കുന്ന ഈ സമീപനം എല്ലാവർക്കും മാതൃകയാണെന്നും അദേഹം അഭിപ്രായപ്പെട്ടു. കൊച്ചി ലുലുമാളിന്റെ പ്രവർത്തനം നേരിൽ കാണുന്നതിന് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള സംഘം നവംബറിൽ കൊച്ചിയിലെത്തുമെന്നും യുസഫലി അറിയിച്ചു.