ആർ ബി ഐ പണനയം ഇന്ന് ; പലിശ നിരക്ക് കുറയ്ക്കാനിടയില്ല

Posted on: October 4, 2017

മുംബൈ : റിസർവ് ബാങ്കിന്റെ ദ്വൈമാസ പണനയം ഇന്ന് പ്രഖ്യാപിക്കും. ഉയരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് പലിശനിരക്കുകൾ കുറയ്ക്കാനിടയില്ലെന്നാണ് സൂചന. ഉപഭോക്തൃ സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റിൽ 3.36 ശതമാനവും ജൂലൈയിൽ 2.36 ശതമാനവുമായിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും വില ഉയർന്ന നിലവാരത്തിൽ തുടരുന്നത് പണപ്പെരുപ്പം ഇനിയും കൂടാനിടയാക്കുമെന്നാണ് വിലയിരുത്തൽ.

വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് ഓഗസ്റ്റിൽ ആറ് ശതമാനമായും ബാങ്കുകൾ ആർബിഐയിൽ സൂക്ഷിക്കുന്ന കരുതൽധനത്തിന്റെ പലിശയായ റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനമായും കുറച്ചിരുന്നു. സാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) ജൂൺ 24 മുതൽ 20 ശതമാനമാണ്.

കഴിഞ്ഞ മൂന്ന് വർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് (5.7 %) നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ പ്രകടമായത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ റിപ്പോ നിരക്കിൽ കാൽ ശതമാനം കുറവ് വരുത്തണമെന്ന സമ്മർദം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആർ ബി ഐ നേരിടുന്നുണ്ട്.