സ്‌പൈസ്‌ജെറ്റ് 50 ബോംബാർഡിയർ വിമാനങ്ങൾ വാങ്ങുന്നു

Posted on: September 30, 2017

ന്യൂഡൽഹി : സ്‌പൈസ്‌ജെറ്റ് 50 ക്യു 400 ടർബോ പ്രോപ് വിമാനങ്ങൾ വാങ്ങാൻ കരാർ ഒപ്പുവെച്ചു. 1.7 ബില്യൺ ഡോളറാണ് ഇടപാടിന്റെ ലിസ്റ്റ് പ്രൈസ്. ഈ വർഷത്തെ പാരീസ് എയർഷോയോടനുബന്ധിച്ച് ഇതു സംബന്ധിച്ച ധാരണാപത്രം ഒപ്പുവെച്ചിരുന്നു. ക്യു 400 വിമാനങ്ങൾക്കുള്ള ഏറ്റവും വലിയ ഓർഡറാണിതെന്ന് കമ്പനി വ്യക്തമാക്കി. 78 സീറ്റുകളുള്ള 20 ക്യു400 വിമാനങ്ങൾ ഇപ്പോൾ തന്നെ സ്‌പൈസ്‌ജെറ്റ് ശ്രേണിയിലുണ്ട്.

എല്ലാ ഇന്ത്യക്കാർക്കും പറക്കാൻ കഴിയുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ച്ചപ്പാടുകൾ യാഥാർത്ഥ്യമാക്കാനും ചെറുപട്ടണങ്ങളും നഗരങ്ങളുമായുള്ള കണക്ടിവിറ്റി വർധിപ്പിക്കാനും കരാർ സഹായിക്കുമെന്ന് സ്‌പൈസ്‌ജെറ്റ് ചെയർമാൻ അജയ്‌സിംഗ് പറഞ്ഞു. ഏഴ് വിദേശ ഡെസ്റ്റിനേഷനുകളും 43 ആഭ്യന്തര ഡെസ്റ്റിനേഷനുകളും ഉൾപ്പടെ പ്രതിദിനം 50 കേന്ദ്രങ്ങളിലേക്കായി 380 ഫ്‌ളൈറ്റുകളാണ് സ്‌പൈസ്‌ജെറ്റ് ഓപറേറ്റ് ചെയ്യുന്നത്.