ഗൂഗിൾ എച്ചടിസിയുടെ പിക്‌സൽ സ്മാർട്ട്‌ഫോൺ ഡിവിഷൻ ഏറ്റെടുക്കുന്നു

Posted on: September 21, 2017

ഹോങ്കോംഗ് : ഗൂഗിൾ തായ്‌വാനിലെ എച്ച്ടിസിയുടെ പിക്‌സൽ സ്മാർട്ട്‌ഫോൺ ഡിവിഷൻ 1.1 ബില്യൺ ഡോളറിന് ഏറ്റെടുക്കുന്നു. ഹാർഡ്‌വേർ നിർമാണത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. ഇതിനു മുന്നോടിയായി മുൻ മോട്ടറോള എക്‌സിക്യൂട്ടീവായ റിക്ക് ഓസ്ട്രിയോയെ ഗൂഗിൾ കഴിഞ്ഞവർഷം നിയമിച്ചിരുന്നു. എച്ച്ടിസിയുടെ സ്മാർട്ട്‌ഫോൺ കയറ്റുമതിയിൽ പിക്‌സലിന് 20 ശതമാനം പങ്കാളിത്തമുണ്ട്.

മോട്ടറോള മൊബിലിറ്റിയെ 2012 ൽ 12.5 ബില്യൺ ഡോളറിന് ഗൂഗിൾ ഏറ്റെടുത്തിരുന്നു. പിന്നീട് മൂന്ന് ബില്യൺ ഡോളറിന് ലെനോവോ ഗ്രൂപ്പിന് വിൽക്കുകയും ചെയ്തു. സ്മാർട്ട്‌ഫോൺ ബിസിനിസിലേക്കുള്ള ഗൂഗിളിന്റെ രണ്ടാമത്തെ ചുവടുവെയ്പ്പാണ് എച്ച്ടിസി പിക്‌സൽ ഏറ്റെടുക്കൽ. ആപ്പിൾ, സാംസംഗ്, ചൈനീസ് ബ്രാൻഡുകൾ തുടങ്ങിയവയിൽ നിന്ന് വലിയ വെല്ലുവിളിയാണ് എച്ച്ടിസി നേരിടുന്നത്. മുമ്പ് വിറ്റഴിയുന്ന 10 സ്മാർട്ട്‌ഫോണുകളിൽ ഒന്ന് എച്ച്ടിസിയുടേതായിരുന്നു.