ശബരിമല വിമാനത്താവളം : കൺസൾട്ടൻസിയെ നിയമിച്ചു

Posted on: September 20, 2017

തിരുവനന്തപുരം : ശബരിമല വിമാനത്താവളം സംബന്ധിച്ച സാധ്യതാ പഠനം നടത്തുന്നതിന് സംസ്ഥാന സർക്കാർ രാജ്യാന്തര കൺസൾട്ടൻസിയെ നിയമിച്ചു. അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമായുള്ള ലൂയിസ് ബർഗർ ആണ് കൺസൾട്ടന്റ്. സാമ്പത്തികവും സാങ്കേതികവുമായ സാധ്യത, പരിസ്ഥിതി ആഘാതം എന്നിവ പഠനവിഷയമാക്കും. ഒൻപത് മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.

ബിലീവേഴ്‌സ് ചർച്ചിന്റെ കൈവശമുള്ള 2,263 ഏക്കർ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളം സ്ഥാപിക്കാനാണ് സർക്കാരിന്റെ നീക്കം. നിർദിഷ്ട വിമാനത്താവളത്തിൽ നിന്ന് ശബരിമല ക്ഷേത്രത്തിലേക്ക് 48 കിലോമീറ്റർ അകലമേയുള്ളു. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ശബരിമല വിമാനത്താവളത്തിന് കേരള ഗവൺമെന്റ് തത്വത്തിൽ അംഗീകാരം നൽകിയത്.