കെഎസ്‌ഐഡിസി 200 പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്ന് മന്ത്രി എ. സി. മൊയ്തീൻ

Posted on: September 7, 2017

തിരുവനന്തപുരം : കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിൽ ഈ വർഷം 200 പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി എ. സി. മൊയ്തീൻ പറഞ്ഞു. ഇതിന്റെ ഭാഗമായി കൊച്ചിയിൽ യുവസംരംഭക സംഗമം (യെസ് 3 ഡി) സംഘടിപ്പിക്കും. 12 ന് ലെ മെറിഡിയനിൽ നടക്കുന്ന സംഗമം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

കൃഷി, ജൈവസാങ്കേതിക വിദ്യ, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാനാണ് ഉദേശ്യം. വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറുകൾ, വിജയിച്ച സ്റ്റാർട്ടപ്പുകളുടെ പ്രദർശനം എന്നിവയും യെസ് 3 ഡിയിലുണ്ടാവും. വിദ്യാർത്ഥി സംരംഭകർ, വിവിധ മേഖലയിൽ നിന്നുള്ള സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവർ പങ്കെടുക്കും. 2014 ൽ യുവസംരംഭക സംഗമം തുടങ്ങിയ ശേഷം 110 സ്റ്റാർട്ടപ്പുകൾ തുടങ്ങി. ഇതിൽ 85 ശതമാനവും വിജയകരമായി പ്രവർത്തിക്കുന്നു.

കെഎസ്‌ഐഡിസി 25 ലക്ഷം രൂപ വരെ സീഡ് ഫണ്ടായി നൽകുന്നുണ്ട്. 12 കോടി രൂപ ഇതുവരെ സീഡ്ഫണ്ടായി നൽകി. അടിസ്ഥാന സൗകര്യ വികസനത്തിന് 20 കോടി രൂപ നൽകിയതായി മന്ത്രി പറഞ്ഞു. സെപ്റ്റംബർ 12 ന് ഉച്ചയ്ക്ക് 12 മണി മുതൽ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം.

TAGS: KSIDC | YES 3D 2017 |