എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശേരിയിൽ റൺവേയിൽ നിന്നും തെന്നിമാറി

Posted on: September 5, 2017

കൊച്ചി : അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം (ഐഎക്‌സ് 452) നെടുമ്പാശേരിയിൽ റൺവേയിൽ നിന്നും തെന്നിമാറി. ഇന്നു പുലർച്ചെ 2.40 ന് ആണ് വിമാനം വൻ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ടാക്‌സി വേയിൽ നിന്നും തെന്നിമാറിയ വിമാനത്തിന്റെ പിൻചക്രം പാർക്കിംഗ് ബേയ്ക്ക് സമീപം കാനയിൽ കുടുങ്ങി. 102 യാത്രക്കാരും ആറ് വിമാനജോലിക്കാരുമാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്. ബോയിംഗ് 737-800 വിമാനത്തിന്റെ രണ്ട് എൻജിനുകളും തറയിൽ ഇടിച്ചു.

പാർക്കിംഗ് ബേയിലേക്ക് എത്തുന്നതിന് 90 മീറ്റർ മുമ്പേ വിമാനം തിരിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. കനത്ത ചാറ്റൽമഴയിൽ കാഴ്ച മങ്ങിയതും അപകടത്തിന് കാരണമായതായി എയർ ഇന്ത്യ വ്യക്തമാക്കി. അപകടത്തെക്കുറിച്ച് ഡയറക് ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അധികൃതരും കൊച്ചി വിമാനത്താവള കമ്പനിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Photos courtesy : ANI