സിയാലിന് 669 കോടി രൂപ മൊത്തവരുമാനം

Posted on: August 24, 2017

കൊച്ചി : കൊച്ചി അന്താരാഷ്ട്ര വിമാനത്താവള കമ്പനി (സിയാൽ) 2016-17 സാമ്പത്തികവർഷം 669.06 കോടി രൂപ മൊത്തവരുമാനം നേടി. സബ്‌സിഡയറിയായ കൊച്ചിൻ ഡ്യൂട്ടിഫ്രീയുടെ 181.78 കോടി രൂപ ഉൾപ്പടെയാണിത്. ഡ്യൂട്ടിഫ്രീയുടെ ലാഭം ഉൾപ്പെടുത്താതെ 2016-17 ലെ അറ്റാദായം 179.45 കോടി രൂപ. 2015-16 ൽ മൊത്തവരുമാനം 530.79 കോടിയായിരുന്നു.

യാത്രക്കാരുടെ എണ്ണത്തിലും സർവീസുകളിലും ചരക്ക് നീക്കത്തിലും സിയാൽ മികച്ച നേട്ടം കൈവരിച്ചു. 2016-17 ൽ 89.41 ലക്ഷം പേരാണ് കൊച്ചി വഴി യാത്രചെയ്തത്. ഇതിൽ 49.98 ലക്ഷം പേർ രാജ്യാന്തരയാത്രക്കാരാണ്. ആഭ്യന്തരയാത്രക്കാർ 39.42 പേർ. 2015-16 ൽ മൊത്തം യാത്രക്കാർ 77.70 ലക്ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ സിയാൽ 15.06 ശതമാനം വളർച്ചകൈവരിച്ചു.

വിമാനസർവീസുകൾ 2015-16 ലെ 57,762 ൽ നിന്ന് 62,827 സർവീസുകളായി ഉയർന്നു. ചരക്ക് നീക്കം മുൻവർഷത്തെ 11,369 ടണ്ണിൽ നിന്ന് കഴിഞ്ഞ വർഷം 13,158 ടണ്ണായി വർധിച്ചു. മികച്ച നേട്ടത്തിന്റെ അടിസ്ഥാനത്തിൽ സിയാൽ ഇക്കുറിയും ഓഹരിയുടമകൾക്ക് 25 ശതമാനം ലാഭവിഹിതം നൽകും. സെപ്റ്റംബർ 18 ന് എറണാകുളം ഫൈൻ ആർട്‌സ് ഹാളിൽ ചേരുന്ന വാർഷിക പൊതുയോഗം ഇതു സംബന്ധിച്ച തീരുമാനം കൈക്കൊള്ളും.