ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണം 94.974 കോടി കടന്നു

Posted on: August 23, 2017

കൊച്ചി : ഇന്ത്യയിലെ മൊബൈൽ വരിക്കാരുടെ എണ്ണം ജൂലൈയിൽ 94.974 കോടി കടന്നതായി സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ (സിഒഎഐ) ഓഫ് ഇന്ത്യ. ഭാരതി എയർടെലാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്നത്. 29.61 ശതമാനമാണ് എയർടെലിന്റെ വിപണി പങ്കാളിത്തം. ജൂലൈയിൽ ആറു ലക്ഷം വരിക്കാരെ കൂടി ചേർത്തുകൊണ്ട് എയർടെലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 28.125 കോടിയായി. വോഡാഫോണാണ് തൊട്ടു പിന്നിൽ. ഇവർക്ക് 21.05 കോടി വരിക്കാരുണ്ട്. 19.395 കോടി വരിക്കാരുമായി ഐഡിയ മൂന്നാം സ്ഥാനത്തുണ്ട്.

ഓരോ മേഖലയിലെയും കണക്കുകളും റിപോർട്ടിലുണ്ട്. യുപിയിലാണ് ഏറ്റവും കൂടുതൽ വരിക്കാരുള്ളത്. 8.416 കോടി വരിക്കാരുണ്ട്. 7.878 കോടി വരിക്കാരുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്. 7.623 കോടിയുമായി ബീഹാർ തൊട്ടു പിന്നിലുണ്ട്. മഹാരാഷ്ട്രയിലും കിഴക്കൻ യുപിയിലുമാണ് ഏറ്റവും കൂടുതൽ പുതിയ വരിക്കാരുണ്ടായത്. മഹാരാഷ്ടയിൽ 5.1 ലക്ഷവും യുപിയിൽ 4.7 ലക്ഷം പുതിയ വരിക്കാരുണ്ടായി. തൊട്ടു പിന്നിലുള്ള കർണാടകയിൽ ജൂലൈയിൽ 3.2 ലക്ഷം പുതിയ വരിക്കാർ ചേർന്നു. ഡൽഹിയിൽ 96000 വരിക്കാരും മുംബൈയിൽ 1,26,262 വരിക്കാരും പുതിയതായി ഉണ്ടായി. ഇതോടെ മൊത്തം വരിക്കാരുടെ സംഖ്യ ഡൽഹിയിൽ 4.71 കോടിയും മുംബൈയിൽ 2.971 കോടിയുമായി.

മഹാരാഷ്ട്ര, യുപി, കർണാടക എന്നിവിടങ്ങളിലെ വരിക്കാരുടെ എണ്ണത്തിലുണ്ടായ വർധന ടെലികോം രംഗം ശക്തമായ നിലയിൽ തന്നെയാണെന്നതിന്റെ തെളിവാണെന്നും ഈ സംസ്ഥാനങ്ങളിൽ നടത്തിയ നിക്ഷപവും അടിസ്ഥാന സൗകര്യ വികസനവും ഫലം കണ്ടിരിക്കുന്നുവെന്നും സിഒഎഐ ഡയറക്ടർ ജനറൽ രാജൻ മാത്യൂസ് പറഞ്ഞു. എന്നാൽ വ്യവസായം ശക്തമായ മത്സരം നേരിടുകയാണെന്നും നിലവിൽ 4.5 ലക്ഷം കോടി രൂപയുടെ കടമുണ്ടെന്നും അടിസ്ഥാന സൗകര്യ വികസനത്തിനായി ഇനിയും 2.5 ലക്ഷം കോടി രൂപ വേണമെന്നും അദേഹം കൂട്ടിചേർത്തു.