ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് 200 കമ്പനികളെ ഡീലിസ്റ്റ് ചെയ്യുന്നു

Posted on: August 22, 2017

മുംബൈ : ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 200 കമ്പനികളെ ഡീലിസ്റ്റ് ചെയ്യുന്നു. ഓഗസ്റ്റ് 23 മുതൽ ഈ കമ്പനികളുടെ ഓഹരിവ്യാപാരം ബിഎസ്ഇ അവസാനിപ്പിക്കും. ഫാർമസ്യൂട്ടിക്കൽ, ഫിനാൻസ്, ടെക്‌സ്റ്റൈൽ, കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന കമ്പനികളാണ് വിലക്ക് നേരിടുന്നവയിലേറെയും. കേരളത്തിൽ നിന്നുള്ള വൈശാലി ഫാർമസ്യൂട്ടിക്കൽസ്, എഡി കറന്റ് കൺട്രോസ് എന്നീ കമ്പനികളും ഡീലിസ്റ്റ് ചെയ്യപ്പെടുന്നവയിൽ ഉൾപ്പെടുന്നു.

കമ്പനി ഡീലിസ്റ്റ് ചെയ്യപ്പെടുന്നതോടെ പ്രമോട്ടർമാർ, കമ്പനി ഡയറക്ടർമാർ എന്നിവർക്ക് 10 വർഷത്തേക്ക് ഓഹരിവ്യാപാരത്തിൽ നിന്നും വിലക്ക് ഏർപ്പെടുത്തും. ഡീലിസ്റ്റ് ചെയ്യപ്പെടുന്ന കമ്പനികളിലെ പൊതുജനങ്ങളുടെ കൈവശമുള്ള ഓഹരികൾ ബോംബെ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ച് ഏർപ്പെടുത്തുന്ന വാല്യുവർ നിശ്ചയിക്കുന്ന ന്യായവിലയ്ക്ക് തിരികെ വാങ്ങാൻ നിർബന്ധിതരാകും.

രാജ്യത്തെ 1.75 ലക്ഷം കമ്പനികൾ നാമമാത്രമായി പ്രവർത്തിക്കുന്നവയാണെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. സാമ്പത്തികക്രമക്കേടുകൾക്കും കള്ളപ്പണംവെളുപ്പിക്കുന്നതിനും ഇവയിൽ ചില കമ്പനികളെ ഉപയോഗിക്കുന്നവെന്ന സംശയത്താൽ 331 കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) സ്റ്റോക്ക്എക്‌സ്‌ചേഞ്ചുകൾക്ക് നിർദേശം നൽകിയിരുന്നു. കഴിഞ്ഞവർഷം 246 കമ്പനികളെ സെബി വിലക്കയിരുന്നു.

TAGS: BSE | Sebi |