സിക്കയുടെ പിൻഗാമിയെ കണ്ടെത്താൻ തിരക്കിട്ട ശ്രമം

Posted on: August 19, 2017

ബംഗലുരു : വിശാൽ സിക്കയുടെ പിൻഗാമിയെ കണ്ടെത്താൻ ഇൻഫോസിസ് തിരക്കിട്ട ശ്രമം തുടങ്ങി. സിക്കയുടെ രാജി ഇൻഫോസിന്റെ ഇടപാടുകാർക്കും നിക്ഷേപകർക്കും ഇടയിൽ കമ്പനിയുടെ പ്രതിഛായ തകർത്ത സാഹചര്യത്തിൽ നിയമനം വൈകില്ലെന്നാണ് സൂചന. ഇന്ന് ചേരുന്ന ഇൻഫോസിസ് ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യം പരിഗണിക്കും.

യു.ബി. പ്രവീൺ റാവുവിനാണ് ഇപ്പോൾ മാനേജിംഗ് ഡയറക്ടറുടെയും സിഇഒയുടെയും താത്കാലിക ചുമതല. 1986 മുതൽ ഇൻഫോസിസിൽ പ്രവർത്തിക്കുന്ന പ്രവീൺ റാവു ചീഫ് ഓപറേറ്റിംഗ് ഓഫീസറും ബിപിഒ ചെയർമാനും കൂടിയാണ്. പ്രവീൺ റാവു, സിഎഫ്ഒ രംഗനാഥ് ഡി മാവിനകീരെ, ഡെപ്യൂട്ടി സിഒഒ രവികുമാർ എസ്. ബിഎഫ്എസ്‌ഐ മേധാവി മൊഹിത് ജോഷി തുടങ്ങിയവരെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. നന്ദൻ നിലേക്കനിയെ തിരികെ കൊണ്ടുവരണമെന്ന് വാദിക്കുന്നവരുമുണ്ട്.

അതേസമയം സ്ഥാപകരിൽ നിന്ന് ഇനിയും അകലം പാലിച്ചില്ലെങ്കിൽ ഇൻഫോസിസ് തകരുമെന്നാണ് ഒരു വിഭാഗം ആശങ്കപ്പെടുന്നത്. സ്ഥാപകനും മുൻ ചെയർമാനുമായ എൻ.ആർ. നാരായണമൂർത്തിയുടെ അസഹനീയമായ ഇടപെടലുകളാണ് സിക്കയുടെ രാജിയിലേക്ക് നയിച്ചതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സഹസ്ഥാപകൻ എസ്. ഡി. ഷിബുലാൽ 2014 ജൂലൈ 31 ന് സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് വിശാൽ സിക്ക ചുമതലയേറ്റത്.

TAGS: Infosys | Vishal Sikka |