ഇൻഫോസിസിൽ നിന്ന് വിശാൽ സിക്ക രാജിവെച്ചു

Posted on: August 18, 2017

ബംഗലുരു : ഇൻഫോസിസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശാൽ സിക്ക രാജിവെച്ചു. യു. ബി. പ്രവീൺ റാവുവിനാണ് താത്കാലിക ചുമതല. സിക്ക ഇനി കമ്പനിയുടെ എക്‌സിക്യൂട്ടീവ് വൈസ് ചെയർമാനായി തുടരും. ഇൻഫോസിസ് സ്ഥാപകാംഗമല്ലാത്ത ആദ്യ സിഇഒ ആണ് വിശാൽ സിക്ക. സിക്കയുടെ പ്രവർത്തനശൈലിയിൽ ഇൻഫോസിസ് മുൻ ചെയർമാൻ നാരായണമൂർത്തി പലതവണ പരസ്യമായി അസംതൃപ്തി രേഖപ്പെടുത്തിയിരുന്നു. തനിക്കെതിരായ ആരോപണങ്ങളിൽ മനംമടുത്താണ് വിശാൽ സിക്കയുടെ രാജി.

സിക്കയുടെ രാജി ഓഹരിവിപണിയെ അമ്പരപ്പിച്ചു. ഇൻഫോസിസ് ഓഹരിവില 8 ശതമാനം കുറഞ്ഞു. വിശാൽ സിക്കയുടെ രാജിക്കത്ത് സ്വീകരിച്ചതായി ഇൻഫോസിസ് കമ്പനി സെക്രട്ടറി എ.ജി.എസ്. മണികുന്ദ വെളിപ്പെടുത്തി. പുതിയ മാനേജിംഗ് ഡയറക്ടറെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു. സ്ഥാപകാംഗങ്ങൾ പിൻമാറിയ ശേഷം ഇത് രണ്ടാം തവണയാണ് ഇൻഫോസിസ് നേതൃത്വ പ്രതിസന്ധി നേരിടുന്നത്. ഓഹരി തിരിച്ചുവാങ്ങൽ സംബന്ധിച്ച ഡയറക്ടർ ബോർഡ് നാളെ തീരുമാനമെടുക്കാനിരിക്കെയാണ് കമ്പനി സിഇഒയുടെ അപ്രതീക്ഷിത രാജിയുണ്ടായത്.

TAGS: Infosys | Vishal Sikka |