നാഷണൽ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഐപിഒ അടുത്ത മാർച്ചിൽ

Posted on: August 13, 2017

മുംബൈ : നാഷണൽ സ്റ്റോക്ക്എക്‌സ്‌ചേഞ്ചിന്റെ ഇനീഷ്യൽ പബ്ലിക് ഓഫർ അടുത്ത മാർച്ചിൽ ഉണ്ടായേക്കുമെന്ന് സൂചന. പബ്ലിക് ഇഷ്യുവിലൂടെ 10,000 കോടി രൂപ സമാഹരിക്കാനാണ് എൻഎസ്ഇ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓഹരി ഇഷ്യുകളിലൊന്നായിരിക്കും എൻഎസ്ഇയുടേത്. 1994 ൽ പ്രവർത്തനമാരംഭിച്ച എൻഎസ്ഇ ട്രേഡിംഗ് വോളിയത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ മുൻനിര സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചുകളിലൊന്നാണ്. 2016 ഡിസംബറിലാണ് ഓഹരി ഇഷ്യു സംബന്ധിച്ച കരട് രേഖ എൻഎസ്ഇ സെബിക്ക് സമർപ്പിച്ചത്.

എസ് ബി ഐ, ഐഎഫ്‌സിഐ, ഐഡിഎഫ്‌സി, സ്റ്റോക്ക്‌ഹോൾഡിംഗ് കോർപറേഷൻ എന്നിവരാണ് എൻഎസ്ഇയുടെ പ്രധാന ഓഹരിയുടമകൾ. എൻഎസ്ഇയുടെ നിലവിലുള്ള നിക്ഷേപകരിൽ ചിലർ ഐപിഒയിൽ ഓഹരി വിൽക്കാൻ തയാറായിട്ടുണ്ട്.സിറ്റി ഗ്രൂപ്പ്, മോർഗൻ സ്റ്റാൻലി, ജെ.എം. ഫിനാൻഷ്യൽ, കൊട്ടക് മഹീന്ദ്ര കാപ്പിറ്റൽ എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജർമാർ.