ആസ്റ്റർ കേരളത്തിൽ മൂന്ന് ആശുപത്രികൾ തുടങ്ങുന്നു

Posted on: August 4, 2017

കൊച്ചി : ആസ്റ്റർ ഗ്രൂപ്പ് കേരളത്തിൽ മൂന്ന് ആശുപത്രികൾ തുടങ്ങുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പത്രസമ്മേളനത്തിൽ അറിയിച്ചു. കണ്ണൂർ ചാലയിൽ 200 കിടക്കകളുള്ള ആസ്റ്റർ മിംസ്, തിരുവനന്തപുരത്ത് ആക്കുളം കായലിന് അടുത്തായി എൻ.എച്ച് 66-നോട് ചേർന്ന് 749 ബെഡുകളുള്ള ആസ്റ്റർ കാപ്പിറ്റൽ, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ക്യാമ്പസിൽ 150 ബെഡുകളുള്ള ആസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവയാണ് നിർദിഷ്ട പദ്ധതികൾ.

കണ്ണൂരിലെ ചാലയിൽ 200 ബെഡുകളുള്ള മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമ്മാണം പുരോഗമിക്കുന്നു. 2018 പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. വടക്കൻ കേരളത്തിലുള്ളവർക്ക് ഈ ആശുപത്രി മികച്ച ആരോഗ്യസേവനകേന്ദ്രമാകും.

ആസ്റ്റർകാപ്പിറ്റൽ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിനായി സ്ഥലം ഏറ്റെടുത്തു കഴിഞ്ഞു. 2021-ൽ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ നാല് ആശുപത്രികളിലായി 2480 ബെഡുകളും 4764 ജീവനക്കാരുമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ഗ്രൂപ്പായ ആസ്റ്റർ പുതിയതായി 1099 ബെഡുകൾ കൂടി കൂട്ടിച്ചേർക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിലെ ആരോഗ്യസേവനമേഖലയോടുള്ള പ്രതിബദ്ധതയുടെ തുടർച്ചയാണ് ആസ്റ്റർ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്ന് കേരളത്തിലെ ക്ലസ്റ്റർ ഹെഡും ആസ്റ്റർ മെഡ്‌സിറ്റി സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു.