ഉഴവൂർ വിജയൻ അന്തരിച്ചു

Posted on: July 23, 2017

കൊച്ചി : എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ (60) അന്തരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ ആസ്റ്റർ മെഡ്‌സിറ്റിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് ഉഴവൂർ കുറിച്ചാത്തനത്തെ വീട്ടുവളപ്പിൽ. മുൻമന്ത്രി എ.കെ. ശശീന്ദ്രൻ ഉൾപ്പടെയുള്ള എൻസിപി നേതാക്കൾ ആശുപത്രിയിലുണ്ട്. ആശുപത്രിയിൽ നിന്ന് രാവിലെ ഒൻപത് മണിയോടെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി വൈകുന്നേരം നാല് വരെ പോലീസ് പരേഡ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഉഴവൂരിലെ വീട്ടിലേക്കും കൊണ്ടുപോകും.

ജൂലൈ 11 നാണ് അദേഹത്തെ കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കെ എസ് യു വിലൂടെ രാഷ്ട്രീയത്തിൽ എത്തിയ അദേഹം പിന്നീട് കോൺഗ്രസ് വിട്ട് എൻസിപിയിലെത്തി. നർമ്മരസങ്ങളുള്ള പ്രസംഗത്തിലൂടെ ജനഹൃദയങ്ങളിൽ ഇടംനേടി.

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ, എം എ ബേബി തുടങ്ങിയവർ അനുശേചനം രേഖപ്പെടുത്തി.