എയർ പെഗാസസ് പുനരാരംഭിക്കാൻ നീക്കം

Posted on: July 6, 2017

ബംഗലുരു : കഴിഞ്ഞവർഷം സർവീസ് നിർത്തിയ എയർ പെഗാസസ് ഓഗസ്റ്റ് മുതൽ പുനരാരംഭിക്കാൻ നീക്കം നടത്തുന്നു. മലയാളിയായ ഷൈസൺ തോമസ് ആരംഭിച്ച എയർ പെഗാസസ് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടാണ് പ്രവർത്തനം നിർത്തിയത്. മറ്റൊരു പ്രാദേശിക വിമാനക്കമ്പനിയായ ഫ്‌ളൈഈസിയുടെ നാല് പ്രമോട്ടർമാർ എയർപെഗാസസിൽ പണം മുടക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ആദ്യഘട്ടത്തിൽ 15 കോടി രൂപയും ആറു മാസത്തിനുള്ളിൽ 20 കോടി രൂപയും പുതിയ സംരംഭകർ എയർപെഗാസസിൽ നിക്ഷേപിക്കും. ഷൈസൺ തോമസ് മുഖ്യപ്രമോട്ടറും മാനേജിംഗ് ഡയറക്ടറുമായി തുടരും.

എയർപെഗാസസിന്റെ പുനരുദ്ധാരണ പദ്ധതി ഡിജിസിഎ അനുകൂല ശിപാർശയോടെ വ്യോമാനമന്ത്രാലയത്തിന് കൈമാറിയിരുന്നു. വ്യോമയാനമന്ത്രാലയം പദ്ധതി അംഗീകരിച്ച് വീണ്ടും ഡിജിസിഎയ്ക്ക് കൈമാറിയിട്ടുണ്ട്. ഡിജിസിഎ അനുമതി നൽകുന്ന മുറയ്ക്ക് സർവീസ് ആരംഭിക്കുമെന്ന് ഷൈസൺ തോമസിനെ ഉദ്ധരിച്ച് ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. രണ്ട് എടിആർ – 72 വിമാനങ്ങളുമായി ബംഗലുരുവിൽ നിന്ന് ഹൂബ്ലി, തിരുവനന്തപുരം, കൊച്ചി, ചെന്നൈ, മധുര, മംഗലുരു, വിജയവാഡ എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് പദ്ധതി.