ജിഎസ്ടി നിരക്ക് ഇന്ന് അർധരാത്രി മുതൽ

Posted on: June 30, 2017

ന്യൂഡൽഹി : ഇന്ത്യയുടെ നികുതി സമ്പ്രദായം അടിമുടി പരിഷ്‌കരിക്കുന്ന ചരക്ക് സേവന നികുതി (ജിഎസ്ടി) ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഇന്ന് അർധരാത്രി ചേരുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. തുടർന്ന് രാജ്യമെങ്ങും ഒറ്റനികുതി ഘടന നിലവിൽ വരും.

ജിഎസ്ടി നിലവിൽ വരുന്നതോടെ ഓൺലൈൻ ഷോപ്പിംഗിന് ചെലവേറുമെന്ന ആശങ്കയുണ്ട്.ഹോട്ടൽ ഭക്ഷണത്തിനും 1000 രൂപയിൽ കൂടുതൽ ദിവസവാടക വരുന്ന ഹോട്ടൽ താമസത്തിനും ജിഎസ്ടി ബാധകമാകും. കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്ന മാർബിൾ, ഗ്രാനൈറ്റ്, വയറിംഗ് കേബിൾ, തടി, കണ്ണടയുടെ ലെൻസ് തുടങ്ങിയവയ്ക്ക് വില ഉയരും.

ശർക്കര, തയ്യൽ മെഷീൻ, ഇൻസ്റ്റന്റ് കോഫി, അച്ചാർ, കുപ്പിവെള്ളം, ആയുർവേ, ഹോമിയോ, സിദ്ധ, യൂനാനി മരുന്നുകൾ, ഇന്റർലോക്ക്, പ്ലാസ്റ്റിക് കസേര തുടങ്ങിയവയുടെ വില കുറയും.

ചരക്ക് സേവന നികുതി നിലവിൽ വരുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൊച്ചിയിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്ക് നിർവഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സി. രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.

TAGS: GST |