സിന്തൈറ്റ് എഫ്എംസിജി വിപണിയിലേക്ക്

Posted on: June 21, 2017

കൊച്ചി : ഒലിയോറെസീൻ വിപണിയിലെ അതികായരായ സിന്തൈറ്റ് ഫാസ്റ്റ്മൂവിംഗ് കൺസ്യൂമർ ഗുഡ്‌സ് (എഫ്എംസിജി) വിപണിയിലേക്ക് പ്രവേശിക്കുന്നു. ആദ്യഘട്ടത്തിൽ സോപ്പ്, ഹെയർഓയിൽ എന്നിവയാണ് അവതരിപ്പിക്കുന്നത്. തുടർന്ന് പെർഫ്യൂം, പേസ്റ്റ്, ഷാംപു, ഹെൽത്ത്ഫുഡ്‌സ് തുടങ്ങിയ ഉത്പന്നങ്ങളും വിപണിയിൽ എത്തിക്കും. വിദ എന്ന പേരിലാണ് സോപ്പ് വിപണിയിൽ ലഭ്യമാക്കുന്നത്. സീബക്തോൺ, മുരിങ്ങ, ശംഖുപുഷ്പം, ചെമ്പരത്തി, രക്തചന്ദനം, വെർജിൻ കോക്കനട്ട് ഓയിൽ എന്നിവ അടങ്ങിയ ആറ് തരം സോപ്പുകളാണ് വിദ ശ്രേണിയിൽ അവതരിപ്പിക്കുന്നത്. സോപ്പുകൾക്ക് 50-80 നിരക്കിലാണ് വില.

ന്യൂവോ, കാച്ചിയ എണ്ണ എന്നീ പേരുകളിലാണ് ഹെയർഓയിലുകൾ അവതരിപ്പിക്കുന്നത്. സീബക്തോൺ ഓയിൽ, കോക്കനട്ട് ഓയിൽ, അർഗൻ ഓയിൽ, ജൊജോബ ഓയിൽ തുടങ്ങി ഒൻപത് തരം വെർജിൻ ഓയിലുകൾ അടങ്ങിയതാണ് ന്യൂവോ. തുളസി, മൈലാഞ്ചി, ചെമ്പരത്തി, കറിവേപ്പില, ചെറിയ ഉള്ളി തുടങ്ങിയവ അടങ്ങിയതാണ് കാച്ചിയ എണ്ണ. ഹെയർ ഓയിലിന് 250-300 രൂപ നിരക്കിലാണ് വില.

പുതിയ ഉത്പന്നങ്ങളുടെ വികസനത്തിന് 52-55 കോടി രൂപയാണ് സിന്തൈറ്റ് മുതൽമുടക്കിയിട്ടുള്ളത്. രണ്ട് വർഷത്തിനുള്ളിൽ 200 കോടി രൂപ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് സിന്തൈറ്റ് ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ വിശാൽ മേനോൻ പറഞ്ഞു. ആദ്യഘട്ടത്തിൽ കേരള വിപണിയിലും രണ്ട് വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യ മുഴുവനും ഉത്പന്നങ്ങൾ എത്തിക്കാനാണ് പദ്ധതി.

TAGS: Synthite |