ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ 17.36 ശതമാനം വർധന

Posted on: June 20, 2017

ന്യൂഡൽഹി : ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം മെയ്മാസത്തിൽ 17.36 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ മാസം 101.74 ലക്ഷം പേരാണ് രാജ്യത്തിനുള്ളിൽ വിമാനയാത്ര നടത്തിയത്. 2016 മെയ് മാസത്തിൽ 86.69 ലക്ഷം പേരാണ് ആഭ്യന്തരവിമാനയാത്ര നടത്തിയത്.

ഇൻഡിഗോ 41.91 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് ഒന്നാംസ്ഥാനം നിലനിർത്തി. ജെറ്റ് എയർവേസ് (15.51 ലക്ഷം), എയർ ഇന്ത്യ (13.23 ലക്ഷം), സ്‌പൈസ് ജെറ്റ് (12.79 ലക്ഷം), ഗോ എയർ (8.64 ലക്ഷം), വിസ്താര (3.34 ലക്ഷം), എയർഏഷ്യ ഇന്ത്യ (3.32 ലക്ഷം) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.

പാസഞ്ചർ ലോഡ്ഫാക്ടറിൽ സ്‌പൈസ്‌ജെറ്റ് ആണ് ഒന്നാംസ്ഥാനത്ത്, 94.3 ശതമാനം. ഗോ എയർ (93 ശതമാനം), ഇൻഡിഗോ (91.1 ശതമാനം), എയർഏഷ്യ ഇന്ത്യ (89.4 ശതമാനം), വിസ്താര (86.8 ശതമാനം), ജെറ്റ് എയർവേസ് (85.3 ശതമാനം), എയർ ഇന്ത്യ (80.9 ശതമാനം) എന്നിവ തൊട്ടുപിന്നിലുണ്ട്.

ഓൺ ടൈം പെർഫോമൻസിൽ ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര എന്നിവ യഥാക്രമം ഒന്നു രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. മെയ്മാസത്തിൽ 1.13 ലക്ഷം യാത്രക്കാർക്ക് കാൻസലേഷന്റെ ഭാഗമായി 2.81 കോടി രൂപ നഷ്ടപരിഹാരം നൽകി.