നിരക്കുകളിൽ മാറ്റമില്ലാതെ ആർബിഐ വായ്പാനയം

Posted on: June 7, 2017

ന്യൂഡൽഹി : പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് 6.25 ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും തുടരും. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിലാണ് റിപ്പോനിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് ആർ ബി ഐ തീരുമാനിച്ചത്.

അതേസമയം സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ് എൽ ആർ) 50 ബേസിസ് പോയിന്റ് കുറച്ചു. ഇതോടെ ജൂൺ 24 മുതൽ എസ് എൽ ആർ 20 ശതമാനമാകും. എസ് എൽ ആർ കുറച്ചതോടെ ബാങ്കുകളിൽ പണലഭ്യത കൂടും. കഴിഞ്ഞ ഒക് ടോബറിലാണ് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവ് വരുത്തിയത്.

നടപ്പ് സാമ്പത്തികവർഷത്തെ രണ്ടാമത്തെ വായ്പാനയമാണ് ആർ ബി ഐ ഗവർണർ ഊർജിത് പട്ടേൽ പ്രഖ്യാപിച്ചത്. ഇനി ഓഗസ്റ്റിലാണ് വായ്പാനയ അവലോകന സമിതിയുടെ അടുത്തയോഗം.