കാത്തലിക് സിറിയൻ ബാങ്കിൽ നിന്ന് ചൗള പിന്മാറുന്നു

Posted on: May 19, 2017

തൃശൂർ : കാത്തലിക് സിറിയൻ ബാങ്കിൽ നിക്ഷേപം നടത്തിയ വിദേശ ഇന്ത്യക്കാരൻ സുരാചൻ ചൗള പിന്മാറുന്നു. ചൗളയുടെ കൈവശമുള്ള അഞ്ചു ശതമാനം ഓഹരികൾ മുംബൈയിലെ ഇനാം സെക്യൂരിറ്റീസിന് വിൽക്കാൻ ധാരണയായി. ഓഹരികൾ വാങ്ങുന്നത് സംബന്ധിച്ച് ഇനാം സെക്യൂരിറ്റീസ് മേധാവി വല്ലഭ് ബൻസാലിയുമായി ചൗള ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചു. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 160 രൂപയ്ക്കാണു വിൽക്കുന്നത്. കരാർ നടപ്പാകുന്നതോടെ ബാങ്കിന്റെ നാമമാത്രമായ ഓഹരികൾ മാത്രമേ ചൗളയുടെ കൈവശമുണ്ടാകുകയുള്ളു.

കാത്തലിക് സിറിയൻ ബാങ്കിന്റെ 40 ശതമാനം ഓഹരികൾ 1993- 94 കാലഘട്ടത്തിലാണ് ചൗള സ്വന്തമാക്കിയത്. ഇതോടെ ബാങ്കിന്റെ നിയന്ത്രണം ചൗളയുടെ കൈയിലായി. ഇതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പത്തു വർഷം മുമ്പ് ഓഹരിപങ്കാളിത്തം 24.5 ശതമാനമായി കുറച്ചു.

ബാങ്കിന്റെ ഓഹരികളിൽ പത്തു ശതമാനത്തിലധികം ഒരാളുടെയോ ഒരു സ്ഥാപനത്തിൻറെയോ നിയന്ത്രണത്തിലാകരുതെന്നു ചൂണ്ടിക്കാട്ടി 2010-ൽ റിസർവ് ബാങ്ക് ചൗളയ്ക്കു നോട്ടീസയച്ചു. ഇതനുസരിച്ച് ചൗള 14.5 ശതമാനം ഓഹരികൾ വിറ്റഴിച്ചിരുന്നു. ഇപ്പോൾ ചൗളയുടെ കൈയിൽ ശേഷിക്കുന്ന അഞ്ചു ശതമാനം ഓഹരികളാണു വിൽക്കുന്നത്. അഞ്ചു ശതമാനത്തിൽ കുറവ് ഓഹരി വിൽക്കാൻ റിസർവ് ബാങ്കിൻറെ അനുമതി ആവശ്യമില്ല. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ചാൽ മതിയാകും.

ചൗള പിൻമാറുമ്പോൾ കാത്തലിക് സിറിയൻ ബാങ്കിൽ ആയിരം കോടി രൂപ മുതൽമുടക്കി 51 ശതമാനം ഓഹരികൾ വാങ്ങാൻ വിദേശ ധനകാര്യ സ്ഥാപനമായ ഫെയർഫാക്‌സ് മുന്നോട്ട് വന്നിട്ടുണ്ട്.ഇതു സംബന്ധച്ച് റിസർവ് ബാങ്ക് കഴിഞ്ഞ ഡിസംബറിൽ ഫെയർഫാക്‌സിന് അനുമതി നൽകിയിരുന്നു. ഇന്ത്യൻ വംശജനും കാനഡയിലെ ശതകോടീശ്വരനുമായ പ്രേം വാട്‌സയുടെ നിക്ഷേപ സ്ഥാപനമാണ് ഫെയർഫാക്‌സ്.