ആമസോൺ സൂക്ക്‌ഡോട്ട്‌കോമിനെ ഏറ്റെടുത്തു

Posted on: March 29, 2017

ദുബായ് : യുഎഇയിലെ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സൂക്ക്‌ഡോട്ട്‌കോമിനെ ആമസോൺ ഏറ്റെടുത്തു. ഏറ്റെടുക്കലിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും വിപണിവിദഗ്ധർ നൂറ് കോടി ഡോളർ മൂല്യമാണ് സൂക്ക്‌ഡോട്ട്‌കോമിന് കണക്കാക്കുന്നത്. എമ്മാർ മാൾസ് 80 കോടി ഡോളർ മുതൽമുടക്കി സൂക്കിനെ ഏറ്റെടുക്കാൻ മുന്നോട്ട് വന്നിരുന്നു. എന്നാൽ ആമസോണിന്റെ ഓഫർ ആണ് സ്വീകരിക്കപ്പെട്ടത്. ഏറ്റെടുക്കൽ സൂക്ക്‌ഡോട്ട്‌കോം സ്ഥാപകനും സിഇഒയുമായ റൊണാൾഡോ മൗഷവാർ സ്ഥിരീകരിച്ചു. ഓൺലൈൻ രംഗത്ത് മിഡിൽഈസ്റ്റിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകളിലൊന്നാണിതെന്ന് നിക്ഷേസ്ഥാപനമായ ഗോൾഡ്മാൻ സാക്‌സ് അഭിപ്രായപ്പെട്ടു.

പന്ത്രണ്ട് വർഷം മുമ്പ് ആരംഭിച്ച സൂക്കിന് യുഎഇയ്ക്ക് പുറമെ സൗദി അറേബ്യ, കുവൈറ്റ്, ഈജിപ്ത് എന്നീ രാജ്യങ്ങളിലും സാന്നിധ്യമുണ്ട്. ആമസോൺ നിയന്ത്രണം ഏറ്റെടുക്കുന്നതോടെ ഖത്തർ, ബഹ്‌റിൻ, ഒമാൻ എന്നിവിടങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചേക്കും. പ്രതിദിനം 45 ദശലക്ഷം സന്ദർശനങ്ങളാണ് സൂക്ക്‌ഡോകോമിലുള്ളത്. ഫാഷൻ, ഇലക്‌ട്രോണിക്‌സ് തുടങ്ങി 31 വിഭാഗങ്ങളിലായി 84 ലക്ഷത്തിൽപ്പരം ഉത്പന്നങ്ങൾ സൂക്ക്‌ഡോട്ട്‌കോമിൽ ലഭ്യമാക്കിയിട്ടുണ്ട്.