കൊച്ചിൻ ഷിപ്പ്‌യാർഡ് 1500 കോടിയുടെ പബ്ലിക് ഇഷ്യുവിനൊരുങ്ങുന്നു

Posted on: March 25, 2017

കൊച്ചി : കൊച്ചിൻ ഷിപ്പ്‌യാർഡ് 1500 കോടിയുടെ പബ്ലിക് ഇഷ്യുവിനൊരുങ്ങുന്നു. ഇഷ്യു സംബന്ധിച്ച പ്രോസ്‌പെക്ടസിന്റെ ഡ്രാഫ്റ്റ് സെബിയുടെ അനുമതിക്ക് സമർപ്പിച്ചുകഴിഞ്ഞു. ഇനീഷ്യൽ പബ്ലിക് ഓഫറിലൂടെ 3.4 കോടി ഓഹരികൾ വിൽക്കാനാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് ഒരുങ്ങുന്നത്. ഇഷ്യുവിലൂടെ സമാഹരിക്കുന്ന പണം ഉപയോഗിച്ച് ഡ്രൈഡോക്കും കപ്പൽ അറ്റകുറ്റപ്പണിശാലയും സ്ഥാപിക്കും. 1975 ൽ പ്രവർത്തനമാരംഭിച്ച കൊച്ചിൻ ഷിപ്പ്‌യാർഡിൽ പ്രതിരോധ മേഖലയ്ക്ക് ഉൾപ്പടെയുള്ള വലിയ കപ്പലുകൾ നിർമ്മിച്ചുവരുന്നു. 1982 ൽ കപ്പലുകളുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചു. 1993 ൽ മറൈൻ എൻജിനീയറിംഗ് ട്രെയിനിംഗും തുടങ്ങി. നിരവധി പുതിയ കപ്പലുകളുടെ നിർമാണത്തിനുള്ള ഓർഡറും കപ്പൽശാലയ്ക്കുണ്ട്.

ഇഷ്യു പൂർത്തിയാകുമ്പോൾ സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്ന ആദ്യ പൊതുമേഖല കപ്പൽശാലയാകും കൊച്ചിൻ ഷിപ്പ്‌യാർഡ്. എസ് ബി ഐ ക്യാപ്പിറ്റൽ മാർക്കറ്റ്‌സ്, എഡിൽവീസ് ഫിനാൻഷ്യൽ സർവീസസ്, ജെഎം ഫിനാൻഷ്യൽ ഇൻസ്റ്റിറ്റിയൂഷണൽ സെക്യൂരിറ്റീസ് എന്നിവരാണ് ഇഷ്യുവിന്റെ മാനേജർമാർ.